ഹൈറേഞ്ചിലെ യുവ നോവലിസ്റ്റ് അരുണ്‍ സെബാസ്റ്റ്യന്റെ രണ്ടാമത് നോവല്‍ ‘ഡിസീസ് എക്‌സ്’ പൂര്‍ത്തീകരണത്തിലേക്ക്. ഇലുമിനാത്ത എന്ന പ്രസിദ്ധമായ നോവല്‍ എഴുതിയ ഇടുക്കി പെരിഞ്ചാന്‍കുട്ടി സ്വദേശിയാണ് അരുണ്‍ സെബാസ്റ്റ്യന്‍.
ഇടുക്കിയിലെ പ്രധാന കുടിയേറ്റ ഗ്രാമമായ പെരിഞ്ചാന്‍കുട്ടിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അരുണ്‍ സെബാസ്റ്റ്യന്‍ യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന യുവാവാണ്. വായനയില്‍ ഏറെ തല്‍പ്പരനായ അരുണ്‍ രണ്ടര വര്‍ഷം നീണ്ട ആദ്യ യാത്രയില്‍ കശ്മീര്‍ ഒഴികെ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ആഴ്ചകളോളം താമസിച്ചു. ഈ യാത്രകളില്‍ നിന്ന് ലഭിച്ച പ്രചോദനവും അനുഭവങ്ങളുമാണ് ഇലുമിനാത്ത എന്ന ആദ്യ നോവലിലൂടെ അവതരിപ്പിച്ചത്. ഇലുമിനാത്തയുടെ ആദ്യത്തേ ആയിരം കോപ്പികള്‍ ഇരുപത്ദിവസത്തിനുള്ളില്‍തന്നെ വിറ്റുപോയി.
കേരളത്തിലെ സാഹിത്യ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇലുമിനാത്തക്ക് ശേഷം അരുണ്‍ സെബാസ്റ്റ്യന്‍ എഴുതുന്ന രണ്ടാമത് നോവലാണ് ‘ഡിസീസ് എക്‌സ്’. തന്റെ സഞ്ചാരത്തിനിടെ ലഭിച്ച പച്ചമരുന്നുകളെക്കുറിച്ചുള്ള അറിവുകളും ഔഷധ സസ്യങ്ങളും പല പുരാതന സ്ഥലങ്ങളുമായി ബന്ധപ്പെട്ടുള്ള ഐതീഹ്യ ങ്ങളുമാണ് ‘ഡിസീസ് എക്‌സി’ല്‍ പ്രതിപാദിക്കുന്നത്. ഏറെ ത്യാഗങ്ങള്‍ ഈ രണ്ടു പുസ്തകങ്ങളുടെയും പൂര്‍ത്തീകരണത്തിന് പിന്നില്‍ ഉണ്ടെന്നാണ് അരുണ്‍ പറയുന്നത്. സച്ചിതാനന്ദന്‍ ,
ഉഷാകുമാരി, വി.ജെ ജെയിംസ് എന്നിവരെല്ലാം അരുണിന്റെ ഇഷ്ട എഴുത്തുകാരാണ്. കടുത്ത പ്രതിസന്ധികള്‍ക്കിടയിലൂടെയും സാഹിത്യത്തിലൂടെയുള്ള തന്റെ സഞ്ചാരം എങ്ങിനെയും മുന്നോട്ടു കൊണ്ടു പോകണമെന്നാണ് കുടിയേറ്റ കുടുംബാഗമായ ഈ യുവ സാഹിത്യകാരന്റെ തീരുമാനം.
പെരിഞ്ചാന്‍ കുട്ടി നെല്ലൂര്‍ പാറയില്‍ സെബാസ്റ്റ്യന്റെയും മേഴ്‌സിയുടെയും മകനാണ് അരുണ്‍.ബിരുദ വിദ്യാര്‍ത്ഥി ആശിഷ് ഏക സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: