ന്യൂദല്‍ഹി: ‘ഞാന്‍ കട്ട അര്‍ജന്റീന ഫാനാണ്, കട്ട ബാഴ്സലോണ ഫാനും’… ഫുട്ബോള്‍ ആരാധകരില്‍ പലരെയും ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതില്‍ മുഖ്യഘടകമാണ് ലയണല്‍ മെസി. വര്‍ഷങ്ങള്‍ക്ക് മുന്നേ ലോകോത്തര ഫുട്ബോള്‍ രാജ്യമാണ് അര്‍ജന്റീന. ക്ലബ് ഫുട്ബോളില്‍ പേരുകേട്ട ടീമാണ് ബാഴ്സലോണ. എങ്കിലും കായികപ്രേമികളെ ഒരൊറ്റ ടീമിലേക്ക് ആകര്‍ഷിപ്പിച്ചതില്‍ മെസിയുടെ പങ്ക് വിവരിക്കാനാവാത്തതാണ്.
സൂപ്പര്‍ താരത്തിനും മുകളില്‍ ഇതിഹാസ താരമായി മാറുന്ന മെസിക്ക് ഇന്ന് മുപ്പത്തിമൂന്ന് വയസ് തികയുന്നു. ഇതിനോടകം കൊതിപ്പിക്കുന്ന പല റെക്കോഡുകളുടെയും ഉടമയാണ് മെസി. ആറ് ബാലന് ഡി യോര്‍ പുരസ്കാരങ്ങള്‍, ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്, ആറ് തവണ ലാ ലിഗ താരം, യുഇഎഫ്എയുടെ പുരുഷ താരത്തിനുള്ള പുരസ്കാരം രണ്ട് തവണ… ഇങ്ങനെ നീളുന്നു മെസിയുടെ നേട്ടങ്ങള്‍. ക്ലബ്ബിനും രാജ്യത്തിനുമായി 700 ഗോളുകളെന്ന അപൂര്‍വ നേട്ടത്തിലെത്താന്‍ ഒറ്റ തവണകൂടി വല കുലുക്കിയാല്‍ മതി ഈ ബാഴ്സ താരത്തിന്. ഇടം കാല്‍കൊണ്ടുള്ള മാന്ത്രികത കാണണമെങ്കില്‍ മെസിയുടെ കളി കാണണമെന്ന് പല കായിക ലേഖകരും എഴുതി പഴകിച്ചതാണ്. ഒരുപക്ഷെ ഈ മാന്ത്രികതയാകാം അദ്ദേഹത്തെ ഫുട്ബോളില്‍ മിശിഹ എന്ന വിളിപ്പേരിന് അര്‍ഹനാക്കിയത്.
തുടക്കം മുതല്‍ ലാ ലിഗയുടെ താരമായി മാറിയ മെസിക്ക് ബാഴ്സയല്ലാതെ മറ്റൊരു ക്ലബ്ബില്ല. 2004ല്‍ 17-ാം വയസിലായിരുന്നു അരങ്ങേറ്റം. 24-ാമത്തെ വയസില്‍ ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായി. ലാ ലിഗയിലെ ഏറ്റവും മികച്ച ഗോള്‍ സ്കോറര്‍. പത്ത് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ട്രോഫിയും മെസിയുടെ മാറ്റ് കൂട്ടും.
രാജ്യാന്തര മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് മെസി. എങ്കിലും രാജ്യത്തിനായി ഒരു കിരീടമെന്ന സ്വപ്നം ഇന്നും ബാക്കിയാണ്. എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ മെസിക്ക് ആ നേട്ടവും കീഴടക്കിയെ പറ്റൂ. വരും വര്‍ഷങ്ങളില്‍ അത് സാധിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: