തെക്ക് കിഴക്ക്
അഗ്നിമൂല എന്നറിയപ്പെടുന്ന തെക്കുകിഴക്ക് ദിശയുടെ അധിപന്‍ അഗ്നിദേവനാണ്. ഊര്‍ജ സംബന്ധമായ എല്ലാ മാനുഷിക വ്യാപാരങ്ങള്‍ക്കും യോജിച്ച ഭാഗമാണിത്. എന്നാല്‍ ഈ ദിക്കിലേയ്‌ക്ക് അഭിമുഖമായുള്ള വീട് പണിയുന്നത് ശാസ്ത്രം വിലക്കുന്നുമുണ്ട്. നിര്‍മാണത്തില്‍ അടുക്കളയ്‌ക്ക് ഏറ്റവും അനുയോജ്യം ഈ ദിക്കാണ്. ക്ഷേത്രങ്ങളില്‍
നിര്‍ബന്ധമായും തിടപ്പള്ളി സ്ഥാപിക്കേണ്ടതും ഈ ഭാഗത്താണ്. പുരയിടത്തിലും വീടുകളിലും മറ്റു നിര്‍മാണങ്ങളിലും ഈ ഭാഗത്തിന്റെ കുറവ് ധനനാശത്തിനും സ്ത്രീകളുടെ ദോഷത്തിനും ആരോഗ്യം, സന്തോഷം എന്നിവയുടെ ഹാനിക്കും കാരണമാകുന്നു എന്ന് ബൃഹത് സംഹിതാ വചനമുണ്ട്.
അഗ്നി കോണില്‍ പ്രധാന കിടപ്പ് മുറി വരുന്നത് ഉചിതമല്ല. അതിഥികിടപ്പുമുറിയായും ആണ്‍കുട്ടികള്‍ക്കുള്ള കിടപ്പുമുറിയായും സ്വീകരിക്കാവുന്നതാണ്. എന്നാല്‍ അഗ്നി ഊര്‍ജ സംബന്ധമായ ഉപയോഗങ്ങള്‍ക്കു സ്വീകരിക്കുകയാണ് കൂടുതല്‍ ഉചിതം. കെട്ടിടങ്ങളില്‍ പൊതു അടുക്കള, കാന്റീന്‍, ട്രാന്‍സ്‌ഫോര്‍മേഴ്‌സ്, ജനറേറ്റര്‍ റൂം, ഫര്‍ണസ്സുകള്‍ എന്നിവക്ക് യോജിച്ച ഇടമാണ്. ഈ ഭാഗത്ത് കിണര്‍, കുളം, ഫിഷ് ടാങ്ക് തുടങ്ങി ജലസംബന്ധിയായവ ഗൃഹവാസികള്‍ക്ക് ആരോഗ്യപരമായി നല്ലതല്ല.
തെക്ക്
മൃത്യുദേവനായ യമദേവന്‍ അധിപനായിട്ടുള്ളതാണ് തെക്ക് ദിക്ക്. അതിനാല്‍ ഹിന്ദു ധര്‍മ്മമനുസരിച്ച് മരണാനന്തരം ദേഹം അടക്കുന്നത് ഈ ദിക്കിലാണ്. മറ്റു ദിശകളെക്കാള്‍ കുറഞ്ഞതും, ഉയര്‍ന്നതും, ഉയര്‍ത്തി പണിയേണ്ടതും ഈ ദിക്കാണ്. സൂര്യന്റെ ഹാനികരമായ രശ്മികള്‍ ഈ ദിക്കില്‍ നിന്നു പ്രസരണം ചെയ്യപ്പെടുന്നതിനാല്‍ സുഖകരമായ മറ്റു ദിക്കുകളെ അപേക്ഷിച്ച് ഈ ദിക്കിലേക്കുള്ള നിര്‍മാണം അവഗണിക്കപ്പെട്ടിരുന്നു. ഇങ്ങനെയാണ് തെക്കുമുഖമായുള്ള വീടുകള്‍ നല്ലതല്ലെന്ന വിശ്വാസം സാമാന്യ ജനങ്ങള്‍ക്കിടയില്‍ വന്നു ചേര്‍ന്നത്. എന്നാലിതിന് ശാസ്ത്രീയാടിത്തറയില്ല. ഗ്രന്ഥങ്ങളില്‍ തെക്കു മുഖമുള്ള വീടുകളെ കുറിച്ചുള്ള നിര്‍ദേശങ്ങളുണ്ട്.
തീവ്രരശ്മികളെ ആഗിരണം ചെയ്യാന്‍ പ്രാപ്തിയുള്ള വൃക്ഷങ്ങളാലും കൃത്യമായ നിര്‍മാണ അഭികല്പനയാലും ഉചിത ഗണിതക്രമങ്ങള്‍ സ്വീകരിച്ചും ഈ ദിക്കിലും ഗൃഹനിര്‍മാണമാവാം. ചതുശ്ശാല സങ്കല്പങ്ങളിലുള്ള ഗൃഹങ്ങളില്‍ തെക്കിനിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. തെക്കിനി വിരഹിതമായ ത്രിശാല ഗൃഹങ്ങള്‍ വര്‍ജ്യങ്ങളാകുന്നു. തെക്കോട്ടുള്ള ഗൃഹങ്ങളുടെ തള്ളലുകളും വലിച്ചിലുകളും നേര്‍രേഖയിലല്ലാത്ത നിര്‍മാണങ്ങളും, ദിശാ അലോസരങ്ങളും, വാസ്തു ഗണിതത്തിന്റെ പിഴവുകളും കൂടുതല്‍ ദോഷകരങ്ങളാണ്.
പുരയിടത്തിന്റ തെക്കു വശം താഴ്ന്നു കിടക്കുന്നത് അശുഭകരമായി ശാസ്ത്രം കണക്കാക്കുന്നു. അത്തരം ഭൂമി മണ്ണിട്ട് നികത്തി ജലപൂരിത സമീകരണം ചെയ്ത ശേഷം നിര്‍മാണത്തിനൊരുങ്ങണം. തെക്കു വശം കൂടുതല്‍ വിസ്തൃതമെങ്കില്‍ നിര്‍മിതിക്കു ആവശ്യമായ വീഥി കല്പന പ്രകാരമുള്ള ഇടം കഴിച്ചു ബാക്കിയുള്ള ഭാഗം അതിര്‍ത്തി കെട്ടി തിരിക്കണം. ഇതിന് കുറഞ്ഞത് 96 സെ.മീ എങ്കിലും ഉയരവും നല്ലതാണ്.
തെക്കു ദിക്കില്‍ ജലസംബന്ധമായതോ, മാലിന്യം വഹിക്കുന്നതോ ആയ കുഴികളോ കിണറുകളോ കുളങ്ങളോ പാടില്ല. കേരളത്തില്‍ ഓരോ പുരയിടത്തിന്റെയും തെക്ക് ദിക്കില്‍ പൊതുവേ കാണപ്പെടുന്ന പുളിമരത്തിന്റെ സ്വാധീനം മനസ്സിലായാല്‍ പൂര്‍വാചാര്യന്മാരുടെ ദീര്‍ഘദൃഷ്ടിയെ നാം വണങ്ങണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: