വാഷിങ്ടണ്‍: ലഡാക്ക് ഗല്‍വാന്‍ താഴ്വരയില് അടുത്തിടെ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തിന് പിന്നില്‍ ചൈനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്. ആസൂത്രിതമായാണ് ചൈന ഇന്ത്യന്‍ സൈന്യത്തിനെ ആക്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡിലെ ജനറല്‍ ഷാഒ സോങ്ഗിയും മറ്റ് ചില മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുമാണ് ഇന്ത്യന്‍ സൈന്യത്തിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് യുഎസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഗല്‍വാനില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. ഇതിനായി വളരെ മുമ്പുതന്നെ ചൈനീസ് സൈന്യം നീക്കം തുടങ്ങിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജനറല്‍ ഷാഒ സോങ്ഗി ഇതിനു മുമ്പും ഇന്ത്യയ്ക്കെതിരെ നിലപാടുകള്‍ കൈക്കൊണ്ടിട്ടുണ്ട്. യുഎസിന്റെയും ഇന്ത്യ ഉള്‍പ്പടെയുള്ള സൗഹൃദ രാഷ്ട്രങ്ങളുടെ മുന്നില്‍ ചൈന ഒരിക്കലും തല കുനിക്കരുതെന്നും, അതിനുള്ള അവസരം ഉണ്ടാക്കരുതെന്നും സോങ്ഗി പലതവണ അറിയിച്ചിട്ടുണ്ട്.
ഗല്‍വാനില്‍ ചൈനയുടെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നാല്‍ ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ചൈനയുടെ 35 സൈനികര്‍ കൊല്ലപ്പെട്ടെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: