കോഴിക്കോട്: പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ യുവജന വഞ്ചനയാണ് കാണിക്കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന് ആരോപിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ നാമമാത്ര നിയമനങ്ങള്‍ മാത്രം നടത്തുകയാണ്. വലിയ രീതിയിലുള്ള പിന്‍വാതില്‍ നിയമനങ്ങളും നടക്കുന്നു. പല ലിസ്റ്റുകളുടെയും കാലാവധി അവ സാനിക്കാനിരിക്കുകയാണ്. ഒഴിവ് റിപ്പോര്‍ട്ട് ചെയ്തവയില് പോലും പിഎസ്സിയില് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല എന്ന കാരണം പറഞ്ഞ് അഡൈ്വസ് മെമ്മോ അയക്കാത്ത സാഹചര്യവുമുണ്ട്.
ഏഴ് ബറ്റാലിയനുകളിലായി നിലവിലുള്ള സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റ് ജൂണ്‍ 30 ന് അവസാനിക്കുകയാണ്. പതിനായിരത്തിലധികം പേര് പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ലിസ്റ്റിലെ നിയമനങ്ങള്‍ എസ്എഫ്ഐ നേതാക്കളുടെ കോപ്പിയടി വിവാദം, പ്രളയം, നിപ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും അഞ്ചു മാസത്തിലധികം നിയമനങ്ങളില്ലാതെ നീണ്ടുപോയി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പകുതിപേര്‍ക്കു പോലും നിയമന ശുപാര്‍ശ ലഭിച്ചിട്ടില്ല.
പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം പേര് പരീക്ഷയെഴുതിയ എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ 0.83% മാത്രമേ മെയിന്‍ ലിസ്റ്റില്‍ വന്നിട്ടുള്ളൂ. അതില്‍ പോലും നാമമാത്ര നിയമനങ്ങളാണ് നടന്നത്. 2019 നിലവില്‍ വന്ന സിഇഒ ലിസ്റ്റിനു വേണ്ടി സര്‍ക്കാര്‍ 1.23 കോടി രൂപയാണ് ചെലവഴിച്ചത്. 3000 പേര് ഉള്‍പ്പെട്ട ലിസ്റ്റില്‍ 316 നിയമനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനങ്ങള്‍ നടത്താതെ താല്‍ക്കാലിക നിയമനങ്ങള്‍ പിന്‍വാതില്‍ വഴി നടത്തുകയാണ്. ടൈപ്പിസ്റ്റ് പരീക്ഷ നടന്നിട്ട് ഒരു വര്‍ഷമായെങ്കിലും ഷോര്‍ട്ട് ലിസ്റ്റുപോലും തയ്യാറാക്കാന്‍ പിഎസ്സി തയ്യാറായിട്ടില്ല. അപ്രഖ്യാപിത നിയമന നിരോധനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള ഒഎംആര്‍ ഷീറ്റുകളുടെ മൂല്യനിര്‍ണയത്തിന് 21 ഉദ്യോഗസ്ഥരെ നിയമിച്ചത് വലിയ രീതിയിലുള്ള തട്ടിപ്പിന് വേണ്ടിയാണ്. പിഎസ്സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലപാടുകളാണിത്. ഭരണ കാലയളവ് അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെ സ്വന്തക്കാരെയും പാര്‍ട്ടിക്കാരേയും വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റാനുള്ള തിരക്കിട്ട ശ്രമം നടത്തുകയാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു.
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, സമയ ബന്ധിതമായി നിയമനങ്ങള്‍ നടത്തുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 24 ന് തിരുവനന്തപുരത്ത് പിഎസ്സി ആസ്ഥാനത്തിന് മുന്നില്‍ സൂചനാ നിരാഹാര സമരം അനുഷ്ഠിക്കും. യുവജനങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോവുമെന്നും സി.ആര്. പ്രഫുല്‍ കൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, സംസ്ഥാന മഹിളാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എന്‍.പി. ശിഖ, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ലിബിന് ഭാസ്ക്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: