തൊടുപുഴ: നെടുമ്പാശേരിയില്‍ എത്തുന്ന പ്രവാസികളെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുവാന്‍ പോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് യാതൊരു സുരക്ഷാ സംവിധാനവുമൊരുക്കിയില്ലെന്ന് പരാതി. ശനിയാഴ്ച വൈകിട്ട് തൊടുപുഴ ഡിപ്പോയില്‍ നിന്ന് പത്ത് ബസിലായി പത്ത് ഡ്രൈവര്‍മാരാണ് ബസുമായി നെടുമ്പാശേരിക്ക് പോയത്.
ഇവര്‍ക്ക് സുരക്ഷയ്‌ക്ക് ആവശ്യമായ യാതൊന്നും അധികൃതര്‍ നല്‍കിയില്ല. ഡിപ്പോയില്‍ നിന്നും സുരക്ഷാ സാമഗ്രികള്‍ കിട്ടില്ലായെന്നറിഞ്ഞതോടെ സ്വന്തം നിലയില്‍ ഇവ സംഘടിപ്പിച്ചാണ് ഇവര്‍ പോയത്. പലരും കന്നാര കൃഷിക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ഗ്ലൗസ് വിലയ്‌ക്ക് വാങ്ങിയാണ് ഉപയോഗിച്ചത്.സാനിറ്റൈസറോ, മാസ്‌കോ നല്‍കുവാന്‍ അധികൃതര്‍ തയാറായില്ല. കുടിവെള്ളവും മിതമായ ഭക്ഷണവും സ്വയം സംഘടിപ്പിച്ചാണ് ഡ്രൈവര്‍മാര്‍ പോയത്. വിമാനതാവളത്തിലെത്തിയ പ്രവാസികളില്‍ ദിവസങ്ങളോളം ഒന്നും കഴിക്കാത്തവര്‍ ഉണ്ടായിരുന്നു.
സ്വന്തം ഉപയോഗത്തിന് കൊണ്ടുപോയ ഭക്ഷണവും വെള്ളവും പ്രവാസികള്‍ക്ക് നല്‍കി പട്ടിണിയിരുന്നാണ് പലരും ഡ്യൂട്ടി പൂര്‍ത്തിയാക്കിയത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയിലേക്കായിരുന്നു കൂടുതലും പ്രവാസികള്‍ ഉണ്ടായിരുന്നത്.ശനിയാഴ്ച വൈകിട്ട് 6ന് ബസില്‍ കയറിയ പ്രവാസികളേയും കൊണ്ട് നെടുമ്പാശേരിയില്‍ നിന്നും ബസ് നീങ്ങിയപ്പോള്‍ രാത്രി 11 മണിയായി. ബസില്‍ ഉണ്ടായിരുന്ന പ്രവാസികളെ അവരരുടെ സ്ഥലത്തുള്ള റവന്യു അധികാരികളെ വിളിച്ച് വരുത്തി അവരെ ഏല്‍പിക്കേണ്ട ചുമതലയും ഡ്രൈവര്‍മാരുടെ ചുമലില്‍ വന്നു.
പലയിടത്തും പാതിരാത്രിയില്‍ റവന്യു അധികാരികളെ കാത്ത് മണിക്കൂറോളം റോഡില്‍ ബസ് നിര്‍ത്തിയിടേണ്ടി വന്നു. ഇതെല്ലാം ചെയ്യുവാന്‍ ഒരു ബസിന് ഒരു ഡ്രൈവറെ മാത്രമാണ് അനുവദിച്ചത്. സഹായത്തിനായി ഒരു കണ്ടക്ടറെ പോലും ഡ്യൂട്ടിക്ക് നിയോഗിച്ചില്ല. പ്രവാസികളെ അവരരുടെ സ്ഥലത്ത് നിന്നും കൂട്ടികൊണ്ടു പോകുവാന്‍ വരുന്ന ക്യാബിന്‍ തിരിച്ചിട്ടുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍
പിപിഇ കിറ്റ് ധരിച്ചാണ് എത്തുന്നത്. എന്നാല്‍ കയര്‍ കെട്ടി തിരിച്ച് യാതൊരു സുരക്ഷാ കവചവുമില്ലാതെയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ കൊറോണ സമയത്ത് ഡ്യൂട്ടിക്ക് പോകുന്നത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരുടെ ജീവന്‍ വെച്ച് പന്താടുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജീവനക്കാരില്‍ നിന്നും ഉയരുന്നത്. എന്നാല്‍ ജോലി പോകുമെന്ന് ഭയന്ന് പലരും നേരിട്ട് രംഗത്തെത്താന്‍ ഭയക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: