തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനനിരക്ക് തമിഴ്നാട്ടിനേക്കാള്‍ 11.6 ശതമാനം താഴെയെന്ന് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിച്ച് വിദഗ്ദ്ധ സമിതി. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ മൂന്നു വര്‍ഷ ബിരുദ സമ്പ്രദായം മാറ്റണമെന്ന് നിര്‍ദേശം. ഗവേഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ള ഓണേഴ്സ് ബിരുദവും ഏകീകൃത ബിരുദാനന്തര ബിരുദവും ഉള്‍പ്പെടെ തുടങ്ങണമെന്നും ശുപാര്‍ശ.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ നിരക്ക് (ഗ്രോസ്സ് എന്റോള്‍മെന്റ് റേഷ്യോ-ജിഇആര്‍) കേരളത്തില്‍ 37 ശതമാനം മാത്രമാണ്. തൊട്ടുത്ത തമിഴ്നാട്ടില്‍ ഇത് 48.6 ശതമാനവും. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിന്റെ അധ്യക്ഷതയിലുള്ള സമിതി ഉന്നത വിദ്യാഭ്യാസ വകുപ്പിന് നല്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. 2030 ല്‍ ജിഇആര്‍ 48 ശതമാനമാക്കുക ലക്ഷ്യം വച്ചാണ് പരീക്ഷകളിലടക്കം മാറ്റങ്ങള്‍ നിര്‍ദേശിച്ചത്.
സംസ്ഥാനത്തുള്ള മൂന്നു വര്‍ഷ ബിരുദത്തെ പല വിദേശസര്‍വകലാശാലകളും അംഗീകരിക്കുന്നില്ല. അത് നാലു വര്‍ഷ ഓണേഴ്സ് ബിരുദമാക്കണം. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഹിസ്റ്ററി, ബയോളജി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഓണേഴ്സ് ബിരുദമാകാം. നാക് എ-യോ അതിനു മുകളിലോ സര്‍ട്ടിഫിക്കേഷനുള്ള കോളേജുകളിലും സര്‍വകലാശാലകളും ഇത് തുടങ്ങാം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ ആദ്യ നൂറില്‍പ്പെടുന്ന കോളേജുകള്‍ക്കും 50-ല്‍ ഉള്‍പ്പെടുന്ന സര്‍വകലാശാലകള്‍ക്കും ഓണേഴ്സ് അനുവദിക്കാം. ഇതിലൂടെ കൂടുതല്‍ പ്രഗത്ഭരായ വിദ്യാര്‍ഥികളെ കണ്ടെത്താം. വിവിധ ആര്‍ട്സ്, സയന്‍സ് വിഷയങ്ങളില്‍ ട്രിപ്പിള്‍ മെയിന്‍ ബിരുദ കോഴ്സും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു സമയം മൂന്ന് വിഷയങ്ങളില്‍ ഐച്ഛിക പഠനം നടത്താം. നാലാം വര്‍ഷം ഐച്ഛിക വിഷയം തെരഞ്ഞെടുക്കാനാവുന്ന നാലു വര്‍ഷ ബിരുദ പദ്ധതി ആരംഭിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓണേഴസ് ബിരുദം സംസ്ഥാനത്ത് നിലനിന്നിരുന്നു. അന്ന് ഓണേഴ്സ് ബിരുദം ബിരുദാനന്തര ബിരുദത്തിന് തുല്യമായിരുന്നു.
അസൈമെന്റുകള്‍, സെമിനാറുകള്‍ തുടങ്ങിയവ കൂടുതല്‍ ഉള്‍പ്പെടുത്തി മനപ്പാഠമാക്കിയുള്ള വിദ്യാഭ്യാസത്തില്‍ മാറ്റം വരുത്തണം. തൊഴിലധിഷ്ഠിത പഠനവും സാങ്കേതിക പഠനവും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. ക്രിയാത്മക പഠനരീതിയെ അടിസ്ഥാനമാക്കിയാകണം പരീക്ഷകള്‍. ഓണ്‍ലൈന്‍ കോഴ്സ് പങ്കാളിത്തവും ഇതിന്റെ ഭാഗമാക്കണം. ഇവയൊക്കെ കണക്കിലെടുത്തുള്ള മൂല്യനിര്‍ണയം നടത്തണം.
ഏറെ തൊഴില്‍ സാധ്യതയുള്ള ഡാറ്റ അനലിറ്റിക്സ്, സ്പേസ് സയന്‍സ്, ഫൊറന്‍സിക് സയന്‍സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പിജി പ്രോഗ്രാമുകള്‍ വ്യാപിപ്പിക്കണം. എജ്യുക്കേഷണല്‍ ടെക്നോളജി, ഫിന്‍ടെക്, ഓട്ടോണമസ് സിസ്റ്റംസ്, ഹെല്‍ത്ത് സയന്‍സ് ടെക്നോളജി തുടങ്ങിയ വിഷയങ്ങളില്‍ എംടെക് കോഴ്സ് വേണം. നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി, ജെന്‍ഡര്‍ സ്റ്റഡീസ് ആന്‍ഡ് സെക്ഷ്വാലിറ്റി, കംപാരറ്റീവ് സോഷ്യല്‍ റിസര്‍ച്ച് തുടങ്ങിയ വിഷയങ്ങളില്‍ സര്‍വകലാശാല അക്കാദമിക് വകുപ്പുകളില്‍ എംടെക്, എംഎസ്സി എംഎ കോഴ്സുകള്‍ തുടങ്ങണമെന്നും നിര്‍ദേശത്തിലുണ്ട്.
ഓണേഴ്സ് ബിരുദം നടപ്പാക്കുമ്പോഴും നിലവിലെ കോഴ്സുകള്‍ നിര്‍ത്തലാക്കില്ല. അതേസമയം, സര്‍ക്കാര്‍ കോളേജുകളിലടക്കം നിരവധി തസ്തികകള്‍ സൃഷ്ടിക്കേണ്ടിവരും. മാത്രമല്ല നിലവിലെ കരിക്കുലത്തിലും കാതലായ മാറ്റംവരുത്തിയാല്‍ മാത്രമേ വിദഗദ്ധ സ്മിതയുടെ നിര്‍ദേശങ്ങള്‍ ഫലവത്താകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: