വികസനം എന്നതാണ് അധികാരത്തിലേറുന്ന ഏതൊരു സര്‍ക്കാരും ജനങ്ങള്‍ക്ക് നല്കുന്ന മധുര വാഗ്ദാനം. അടിസ്ഥാന സൗകര്യ വികസനം മുതല്‍ ഏതറ്റം വരേയുള്ള വികസനവും അതില്‍ ഉള്‍പ്പെടും. പക്ഷേ വികസിപ്പിച്ച് വികസിപ്പിച്ച് നാടുതന്നെ കുട്ടിച്ചോറാക്കുന്നതാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ദീര്‍ഘവീക്ഷണമില്ലാത്ത, അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ശാപം. ഇതിന്റെയെല്ലാം മറവില്‍ നടക്കുന്നതാവട്ടെ അഴിമതിയും.തടയണ, സംരക്ഷണ ഭിത്തി, റോഡ്, പാലം തുടങ്ങി ചെറുതും വലുതുമായ എല്ലാത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുമുണ്ട് അഴിമതി. പൊതുഖജനാവ് കൊള്ളയടിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്തവര്ക്കു തന്നെയാണ് ഇതിന്റെയെല്ലാം കരാര്‍ ലഭിക്കുന്നതും. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ദേവികുളം ഗ്യാപ് റോഡ് നിര്‍മാണത്തിലെ അപാകത. ഇവിടെ റോഡിന്റെ വീതികൂട്ടിയുള്ള നിര്‍മാണം ആരംഭിച്ചത് 2017 ലാണ്. തീര്‍ത്തും അശാസ്ത്രീയവും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലുമാണ് ഇവിടുത്തെ നിര്‍മിതി. അതുകൊണ്ടുതന്നെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയ ശേഷം നിരവധി തവണയാണ് ഇവിടെ മലയിടിച്ചിലുണ്ടായത്. ഈ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും വില കല്‍പ്പിക്കാത്ത ഭരണകൂടം നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. ദുരന്തങ്ങള്‍ ഇവിടെ തുടര്‍ക്കഥയാവുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞരും, തുടര്‍ച്ചയായി ഇവിടെ മലയിടിച്ചില്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ട എഞ്ചിനീയറും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതൊന്നും അഴിമതിക്കും പകല്‍ കൊള്ളയ്ക്കും കൂട്ടുനില്‍ക്കുന്ന അധികൃതര്‍ ചെവിക്കൊള്ളുന്നില്ല.
ഏതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നിതിന് മുമ്പ് ശാസ്ത്രീയ പഠനം അനിവാര്യമാണ്. പ്രത്യേകിച്ചു പാലം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസന കാര്യത്തില്‍. ഇതൊന്നും പലപ്പോഴും നടക്കാറില്ല. നടന്നാല്‍ തന്നെ അതിലും വെള്ളം ചേര്‍ത്തുകൊണ്ട് അനുകൂല റിപ്പോര്‍ട്ട് നല്കുന്ന അതോറിറ്റികളെയാവും ചുമതലപ്പെടുത്തുക. ദേവികുളം ഗ്യാപ് റോഡിന്റെ നിര്‍മാണം തുടരുന്നതിന് അനുമതി നല്കിയ കോഴിക്കോട് എന്‍ഐടി പോലുള്ള സ്ഥാപനങ്ങള്‍ ധാര്‍മിക ഉത്തരവാദിത്തം പോലും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതിക്കഥകള്‍ കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. ഭരിക്കുന്നത് എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും സില്‍ബന്തികള്‍ക്ക് വേണ്ടി എന്ത് വിട്ടുവീഴ്ച ചെയ്യാനും മടിയുണ്ടാവില്ല. ഉദ്യോഗസ്ഥതല അഴിമതിയുടേയും നിര്‍മാണത്തിലെ പിഴവുകളുടേയും നേര്‍സാക്ഷ്യമായ പാലാരിവട്ടം മേല്‍പാലം നിര്‍മാണം ഭരണകെടുകാര്യസ്ഥതയുടെ ഏറ്റവും നല്ല ഉദാഹരണമാണ്. 39 കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച പാലം പൊളിച്ചു കളഞ്ഞ് വീണ്ടും പണിയേണ്ടി വരുന്നു എന്നതാണ് മറ്റൊരു ദുരവസ്ഥ. നിര്‍മാണ പിഴവുകള്‍ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ അത് വലിയൊരു ദുരന്തത്തിന് വഴിവച്ചേനെ. അതുപോലെ തന്നെ പരിസ്ഥിതി ലോല പ്രദേശങ്ങളിലും ഇത്തരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അധികൃതരുടെ ഒത്താശയോടെ. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ള നിലയ്ക്ക് ഇതെല്ലാം ജനങ്ങളുടെ ജീവന് വച്ചുള്ള കളിയാണെന്നും പറയാതിരിക്കുക വയ്യ.
റോഡ്, കെട്ടിട നിര്‍മാണം, അടിസ്ഥാന സൗകര്യവികസനം എന്നീ സര്‍ക്കാര്‍ മേഖലകളിലെ പൊതുനിര്‍മാണ പദ്ധതികളുടെ കരാര്‍ നല്കല്, നിര്‍മാണം-സംരക്ഷണം എന്നിവയിലെല്ലാം ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് പകല്‍ പോലെ വ്യക്തമാണ്. ഭരണത്തിലിരിക്കുന്നവരുടെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതും. കരാര്‍ ഏല്‍പ്പിക്കപ്പെടുമ്പോള്‍ തന്നെ കരാര്‍ നല്‍കുന്നവരും കരാര്‍ ലഭിക്കുന്നവരും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തട്ടിപ്പും വെട്ടിപ്പും നടത്തി ഇരുകൂട്ടരും ഭീമമായ തുകയാണ് പങ്കിട്ടെടുക്കുന്നതും. ഒടുവില്‍ വിജിലന്‍സ് അന്വേഷണം നടക്കുമ്പോഴേക്കും നിര്‍മാണം പൂര്ത്തിയായിട്ടുമുണ്ടാകും. അതുകൊണ്ടുതന്നെ നിര്‍മാണം നടക്കുന്ന ഓരോ ഘട്ടത്തിലും കൃത്യമായ അന്വേഷണം നടത്താന്‍ അധികൃതര്‍ക്ക് സാധിക്കണം. കൊള്ള നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്യണം. ഓരോ ഡിപ്പാര്‍ട്ടുമെന്റിലും അടിമുടി ശുദ്ധികലശം നടത്തിക്കൊണ്ടുമാത്രമേ ഇതെല്ലാം സുത്യാര്യമായും സത്യസന്ധമായും നടപ്പില്‍ വരുത്താനും സാധിക്കൂ. അല്ലാത്തപക്ഷം ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്നവര്‍ക്ക്, വികസനത്തിന്റേ പേരും പറഞ്ഞ് കട്ടുമുടിക്കാന്‍ കുടപിടിക്കുന്നവര്‍ക്ക് ജനസമക്ഷം തന്നെ മറുപടി നല്‍കേണ്ടി വരും. ജനാധിപത്യത്തില്‍ ജനങ്ങളാണ് രാജാവ് എന്നും ഭരണാധികാരികള്‍ അവരുടെ സേവകര്‍ മാത്രമാണെന്നും മറന്നുപോകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: