കൊച്ചി: പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവർ(107) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. 1912 മാർച്ച് 29നാണ് ജനനം.
ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന മലയാള ചലച്ചിത്ര-നാടക മേഖലയിലെ പ്രധാനിയായിരുന്നു പാപ്പുക്കുട്ടി ഭാഗവതർ. ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴാം വയസ്സിൽ സംഗീതനാടകത്തിലൂടെയാണ് പാപ്പുക്കുട്ടി ഭാഗവർ അരങ്ങിലെത്തിയത്. പിന്നീട് പി.ജെ. ചെറിയാന്റെ മിശിഹാചരിത്രം നാടകത്തിൽ മഗ്ദലന മറിയത്തിന്റെ വേഷം അവതരിപ്പിച്ച് നാടകരംഗത്തെത്തി. ഗായകൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനൊപ്പവും നാടകവേദികളിൽ പാപ്പുക്കുട്ടി ഭാഗവതർ പ്രവർത്തിച്ചിട്ടുണ്ട്.
മായ, സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം തുടങ്ങി നിരവധി നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഒരുവർഷം 290 ഓളം വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകമായിരുന്നു മായ. ഈ നാടകത്തിൽ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലൻ വേഷവുമായിരുന്നു അവതരിപ്പിച്ചത്.
പ്രസന്നയാണ് ആദ്യ സിനിമ. ഈ ചിത്രത്തിൽ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. ഗുരുവായൂരപ്പൻ,സ്ത്രീഹൃദയം,ഒരാൾകൂടി കള്ളനായി, മുതലാളി, വിരുതൻ ശങ്കു തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ പാപ്പുക്കുട്ടി ഭാഗവതർ അഭിനയിച്ചിട്ടുണ്ട്. 95-ാം വയസ്സിൽ പാപ്പുക്കുട്ടി ഭാഗവതർ പാടിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ‘എന്റടുക്കെ വന്നടുക്കും’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: