പഴയങ്ങാടി: കണ്ണപുരം മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ കണ്ണപുരം പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
കണ്ണപുരം പോലീസ് സിപിഎമ്മിന് വീടുപണി ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി അക്രമിക്കപ്പെട്ടിട്ടും അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല.
സമരത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷന് മുന്നില്‍ കെഎസ്ടിപി റോഡരികില്‍ സമരപ്പന്തല്‍ നിര്‍മ്മിക്കാനുള്ള ബിജെപി പ്രവര്‍ത്തകരുടെ നീക്കം പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. കണ്ണപുരം സിഐ ശിവന് ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, എ.കെ. ഗോവിന്ദന്, പി.ആര്. രാജന്, വി.വി. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
പോലീസ് സ്റ്റേഷന് മുന്നില്‍ പന്തല്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചതിനാണ് മണിയംപാറ ബാലകൃഷ്ണന്, കെ.വി. സുമേഷ്, യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ നന്ദകുമാര്‍, ഹരിദാസ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സമരം ചെയ്യാനെത്തിയ ബിജെപി പ്രവര്‍ത്തകരെ അടിച്ചൊതുക്കാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
സമാധാനപരമായി സമരം ചെയ്ത ബിജെപി പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത പോലീസ് നടപടിയില്‍ ബിജെപി കല്ല്യാശ്ശേരി മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് വി.വി. മനോജ് അധ്യക്ഷത വഹിച്ചു. പ്രഭാകരന് കടന്നപ്പള്ളി, മധു മാട്ടൂല്‍, സി.വി. പ്രശാന്തന്, കെ.വി. ഉണ്ണികൃഷ്ണന്, ലസിജ സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: