ശ്രീനഗര്‍: കശ്മീരില്‍ നാല് മാസത്തിനിടെ സുരക്ഷാ സൈന്യം വകവരുത്തിയത് നാല് കൊടുംഭീകരരെ. ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അന്‍സാര്‍ ഗസ്വതുള് ഹിന്ദ് എന്നീ ഭീകര സംഘടനകളുടെ തലവന്മാരായ നാല് പേരെയാണ് വകവരുത്തിയതെന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായി നാല് സുപ്രധാന ഭീകരസംഘടനകളിലെ തലവന്മാരെ ഒരുമിച്ച് കൊലപ്പെടുത്തിയ സുരക്ഷാ സേനയെ അദ്ദേഹം അഭിനന്ദിച്ചു. ഭീകരത്തലവന്മാരുടെ മരണം സംഘടനകളെ വലിയതോതില്‍ ബാധിക്കുമെന്നും വിജയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വിജയ് കുമാര്‍ കാശ്മീര്‍ ഐജിയായതോടെയാണ് ഭീകരവേട്ട ശക്തമാക്കിയത്.
അതേസമയം, പാക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങള്‍ ഭീകരരെക്കൊണ്ട് നിറഞ്ഞെന്നും മിസൈല്‍ വിക്ഷേപണത്തിന് പതിനഞ്ചോളം ലോഞ്ച്പാഡുകള്‍ തയാറാക്കിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത് വര്‍ധിക്കുമെന്നും വാര്‍ത്താഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ ലെഫ്. ജനറല്‍ ബി.എസ്. രാജു മുന്നറിയിപ്പ് നല്കി.
ഭീകരരെ ഒന്നടങ്കം തുടച്ചു നീക്കിയതോടെ കശ്മീര്‍ താഴ്വരയില് ഭീകരതയുടെ നടുവൊടിഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ നഷ്ടം നികത്താന്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ കൂടുതല്‍ പേര് രാജ്യത്തേക്ക് നുഴഞ്ഞുകയറിയേക്കും. കശ്മീര്‍ ജനത ഇപ്പോഴനുഭവിക്കുന്ന സമാധാനം പാക്കിസ്ഥാന് തീരെ ദഹിക്കുന്നില്ല.
30 വര്‍ഷമായി ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് പാക്സൈന്യത്തിന്റെ സഹായമുണ്ടായിരുന്നു. ഭീകരരെ സഹായിക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പോലും ലംഘിച്ച് പലപ്പോഴും അവര്‍ നമ്മുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അത്തരം വെടിവയ്പ്പുകള്‍ക്ക് നമ്മുടെ മറുപടി ദ്രുതവും ശക്തവുമായപ്പോള്‍ പാക് പദ്ധതികള്‍ പാളിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ ബ്രിഗേഡ് കമാന്‍ഡറായിരുന്ന ലഫ്. ജനറല്‍ രാജു, ദക്ഷിണ കശ്മീര്‍ മേഖലയിലെ സൈന്യത്തിന്റെ ഭീകരവിരുദ്ധ സംഘമായ വിക്ടര്‍ ഫോഴ്സ് തലവനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: