കൊല്ലം: ലോക്ഡൗണ്‍ മൂലം ജില്ലയിലെ കോടതികളുടെ പ്രവര്‍ത്തനം നിലച്ചിട്ട് മൂന്നുമാസം. ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരങ്ങളുടെ ജീവിതമാണ് ഇതിലൂടെ വഴിമുട്ടിയിരിക്കുന്നത്.
ആയിരത്തിലധികം പഴയ കേസുകളും അത്രത്തോളം പുതിയ കേസുകളുമാണ് ഒരു ദിവസം ജില്ലയിലെ വിവിധ കോടതികളില്‍ പരിഗണനയ്ക്കെത്തുന്നത്. കൊല്ലത്ത് മാത്രം വിവിധ വിഭാഗങ്ങളിലായി 20 ഓളം കോടതികളാണ് പ്രവര്‍ത്തിക്കുന്നത്. ചവറ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, പരവൂര്‍, ചടയമംഗലം, കടയ്ക്കല്‍ മുതലായ സ്ഥലങ്ങളില്‍ 21 ല്‍ അധികം കോടതികളും പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണവും ലോക്ഡൗണും മറ്റേതുവിഭാഗത്തെയും പോലെ ഈ കോടതികളുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന അഭിഭാഷക സമൂഹത്തെയും അവരെ ആശ്രയിച്ചു ജീവിക്കുന്നവരെയും സാരമായി ബാധിച്ചു. കേസില്ല, ഫീസില്ല, എന്നാല്‍ ചെലവിന് കുറവുമില്ല.
കൊല്ലം ബാറില്‍ 1400 അംഗങ്ങളാണ് നിലവിലുള്ളത്. ഇതില്‍ എഴുപത്തിയഞ്ച് ശതമാനം പേരും സജീവമായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഒരു അഭിഭാഷകന്റെ ഓഫീസില്‍ 3 മുതല്‍ 10 വരെ സ്റ്റാഫുകളാണ് ജോലി ചെയ്യുന്നത്. 3000 രൂപ മുതല്‍ 10000 രൂപ വരെ വാടക നല്‍കിയാണ് പല വക്കീലോഫീസുകളും പ്രവര്‍ത്തിക്കുന്നത്.
‘ധാരാളം കേസുകള്‍ ഉണ്ടായിരുന്ന കാലത്ത് വാടകയ്ക്കെടുത്ത ഓഫീസാണ്. ഇപ്പോള്‍ വാടക കൊടുത്തിട്ട് രണ്ടുമാസമായി. വൈദ്യുതിബില്ലും കാത്തുകിടക്കുന്നുണ്ട്’ യുവ അഭിഭാഷകന് പറയുന്നു.
‘സ്വന്തം വരുമാനം കൂടാതെ ഒരു ഓഫീസ് നടത്തിക്കൊണ്ടുപോകണമെങ്കില്‍ വാടകയും ക്ലാര്‍ക്കിന്റെ ശമ്പളവും വൈദ്യുതി ചാര്‍ജും എല്ലാ ചേര്‍ത്ത് മാസം ചുരുങ്ങിയത് 25000 രൂപ വേണം. ലോക്ക്ഡൗണ്‍ തുടങ്ങിയതില്‍പ്പിന്നെ മാസം 5000രൂപ തികച്ചുകിട്ടാത്ത അഭിഭാഷകരാണ് ജില്ലയില്‍ അധികവും. അതേസമയം അത്യാവശ്യ കേസുകള്‍ക്കായി കോടതി കേസ് വിളിക്കുന്നതുകൊണ്ട് ഹാജരാകാതിരിക്കാനും വയ്യ’ കൊല്ലത്തെ സീനിയര്‍ അഭിഭാഷകനായ അഡ്വ. ജി. ഗോപകുമാര്‍ പറയുന്നു.
ദിനവും മജിസ്ട്രേറ്റ് കോടതികളില്‍ 100 ഓളം കേസുകള്‍ വിളിച്ചിരുന്ന സ്ഥാനത്ത് പഴക്കമുള്ളതും അത്യാവശ്യമുള്ളതുമായ അഞ്ചുകേസുകളാണ് പേരിനുവേണ്ടി വിളിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ ജഡ്ജിയുടെ ഫോണിലൂടെ വാട്ട്സ്ആപ്പ് വഴിയാണ് അഭിഭാഷകരുമായി സംവദിച്ച് ജാമ്യവും മറ്റും നല്‍കുന്നത്.
‘കക്ഷികള്‍ വന്നാലല്ലേ ഞങ്ങള്‍ക്ക് ഫീസ് കിട്ടൂ. ലോക്ക് ഡൗണ്‍ കാരണം ആരും വരുന്നില്ല. അതേസമയം എണ്ണം കുറച്ചാണെങ്കിലും കോടതിയില്‍ കേസ് വിളിക്കുന്നുണ്ട്. അതിനാല്‍ കോടതിയില്‍ പോകാതിരിക്കാനും പറ്റുന്നില്ല’- ജില്ലാ കോടതിയിലെ മറ്റൊരു അഭിഭാഷകന് പറഞ്ഞു. ജില്ലയിലെ വിവിധ കോടതികളില്‍ രാവിലെയും ഉച്ചയ്ക്കുശേഷവുമായി പത്തോളം കേസുകളാണ് ഇപ്പോള്‍ ദിവസം പരിഗണിക്കുന്നത്. കക്ഷികള്‍ക്ക് കോടതികളില്‍ പ്രവേശനം അനുവദിക്കാത്തതുകൊണ്ട് വക്കീലോഫീസുകളിലും എത്താറില്ല. പുതിയ വക്കാലത്തുകള്‍ തീര്‍ത്തും കുറഞ്ഞതുകൊണ്ട് സ്റ്റാമ്പ് ഫീ ഇനത്തില്‍ സര്‍ക്കാരിനും ലക്ഷക്കണക്കിന് രൂപ വരുമാനം കുറഞ്ഞു. കോടതി എന്ന് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് അറിയാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: