കുണ്ടറ: കോവിഡ് കാലത്തും ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്നതിന് കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് പ്രതീക്ഷയായി തിരുവാതിര ഞാറ്റുവേലയ്ക്ക് ഇന്നലെ തുടക്കമായി. ഫലവൃക്ഷത്തൈകളും ചെടികളും കാര്‍ഷികവിളകളും നടാനും മാറ്റിനടാനും പറ്റിയ എറ്റവും നല്ല സമയമാണിത്.
ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ മണ്ണിന് വളക്കൂറും ഫലഭൂയിഷ്ഠതയും കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം. അതുകൊണ്ട് ഇക്കാലത്ത് നടുന്നവയെല്ലാം നന്നായി തഴച്ചുവളരും. ചെടികള്‍ പറിച്ചുനടാനും മുറിച്ചുനടാനും ഏറ്റവും പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേല. വിരല്‍ ഒടിച്ച് മണ്ണില്‍ കുത്തിയാല്‍പോലും വേരുപിടിക്കുമെന്നാണ് പഴമക്കാരുടെ പക്ഷം.
ഈ കാലത്ത് വെയിലും മഴയും ഒരേപോലെ കിട്ടും. അതുകൊണ്ടു കൂടിയാണ് ചെടികള്‍ നടാന്‍ യോജിച്ച സമയമായി ഇത് മാറുന്നത്. 27 ഞാറ്റുവേലകളില്‍ 10 എണ്ണം നല്ല മഴ ലഭിക്കുന്നവയാണ്.
ഞാറ്റുവേലകളുടെ ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണ്. ഇതിന്റെ ഭാഗമായി നാട്ടിലെ കൃഷിഭവനുകളുടെ നേതൃത്വത്തില്‍ ഞാറ്റുവേലച്ചന്ത നടത്തുന്നതും പതിവാണ്. എഴുകോണ്‍ കൃഷിഭവന് എക്കോഷോപ്പില്‍ നടത്തുന്ന ചന്തയില്‍ കൃഷി ഉത്പന്നങ്ങളും നടീല്‍ വസ്തുക്കളും വിതരണം ചെയ്തു. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ കൈമാറാനും വിത്ത്, നടീല്‍ ഉത്പന്നങ്ങള്‍ എന്നിവ വാങ്ങാനും അവസരമുണ്ടായിരുന്നു.
പുത്തൂര്‍ പവിത്രേശ്വരം പഞ്ചായത്തില്‍ കൃഷിഭവനിലെ ഞാറ്റുവേലച്ചന്ത ഇന്നു രാവിലെ 10.30ന് പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ധന്യ കൃഷ്ണന് ഉദ്ഘാടനം ചെയ്യും. കുണ്ടറ ഇളമ്പള്ളൂര്‍ കൃഷിഭവനില്‍ തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി ഇന്ന് നടത്തുന്ന കാര്‍ഷികവിപണിയില്‍ കരിമുണ്ട, കുരുമുളക് വള്ളികളും മറ്റുനടീല്‍ വസ്തുക്കളും വില്‍പ്പനയ്ക്കെത്തുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: