കാവുമന്ദം:തരിയോട് പഞ്ചായത്ത് കമ്പനിക്കുന്നിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദിവാസി സമൂഹത്തെ വഞ്ചിക്കരുതെന്ന് ബി.ജെ.പി. തരിയോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ പ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ കമ്പനിക്കുന്നിലെ 32 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുമെന്ന സര്‍ക്കാര്‍ തീരുമാന പ്രകാരം ആദിവാസി കുടുംബങ്ങള്‍ക്കായി റവന്യൂ വകുപ്പ് കണ്ടെത്തിയഭൂമി താമസ യോഗ്യമല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള സി.പിഎം ന്റെയും കോണ്‍ഗ്രസ്സിന്റെയും ശ്രമം ആദിവാസി സമൂഹത്തോടുള്ള വഞ്ചനയാണ്.
വിവാദ ഭൂമിയുടെ ഇരുവശത്തും നിരവധി താമസക്കാര്‍ ഉള്ളപ്പോള്‍ ഈ ഭൂമി താമസ യോഗ്യമല്ലെന്ന് പറയുന്നത് ആദിവാസികളെ പൊതു സമൂഹത്തില്‍ നിന്നും മാറ്റി ഒറ്റപ്പെടുത്തുന്നതിന് വേണ്ടിയാണ്.ഭൂരിഭാഗം ഗുണഭോക്തക്കളും ഈ ഭൂമി മതിയെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
എത്രയും പെട്ടെന്ന് ഗുണഭേക്തക്കള്ക്ക് ഭൂമി നല്‍കുന്നതിന് ട്രൈബല്‍ റവന്യൂ വകുപ്പും ജില്ലാ കളക്ടറും ഇടപെടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ എം പൊന്നു അദ്ധ്യക്ഷത വഹിച്ചു. പി ആര് ബാലകൃഷ്ണന്, കെ.പി ശിവദാസ്, ശശീന്ദ്രന് ചമ്പോക്കണ്ടി, രാമന് മൂട്ടാല, ദേവദാസ് ,രാജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: