കോഴിക്കോട്: കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യോഗദിനാചരണത്തിന് വ്യാപക സ്വീകാര്യത. പൊതുവേദികളില്‍ യോഗ പരിശീലനവും പ്രദര്‍ശനവും ഇല്ലെങ്കിലും ആയിരക്കണക്കിന് വീടുകളിലാണ് കുടുംബസമേതം യോഗദിനാചരണം നടന്നത്. രോഗ പ്രതിരോധത്തിന് നിത്യയോഗ പരിശീലനം ഗുണകരമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. വീട്ടില്‍ കുടുംബത്തോടൊപ്പം യോഗ ആചരിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. യോഗ വീട്ടില്‍, യോഗ ആരോഗ്യത്തിന് എന്നതായിരുന്നു ഇത്തവണത്തെ യോഗാദിന സന്ദേശം. കോവിഡ് മാനദണ്ഡങ്ങളോടെ സാമൂഹ്യ അകലം പാലിച്ചും ചില കേന്ദ്രങ്ങളില്‍ യോഗാദിനാചരണം നടന്നു. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ ഉപയോഗപ്പെടുത്തിയും യോഗാ ദിനം ആചരിച്ചു.
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗൃഹ ശാഖകളിലാണ് കുടുംബങ്ങള്‍ യോഗ ചെയ്തത്.
വെസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അന്താരാഷ്ട്ര യോഗദിനാചരണത്തില്‍ പങ്കു ചേര്‍ന്നു. വീടുകളിലാണ് യോഗാദിനാചരണത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കുചേര്‍ന്നത്. യോഗാചാര്യന് സുധീര്‍ മാടായ്, കെ.പി. ജ്യോത്സന എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ പി.കെ. ചന്ദ്രന് മുന്‍കൈയെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരുന്നു.
കക്കോടി: പതഞ്ജലി യോഗ റിസര്‍ച്ച് സെന്ററും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്തമായി യോഗ ദിനാചരണം സംഘടിപ്പിച്ചു. ബദിരൂരിലെ തപോവനം ആശ്രമത്തില്‍ നടന്ന പരിപാടിയില്‍ പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ യോഗാചാര്യന് ഉണ്ണിരാമന് യോഗ പരിശീലനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന് അദ്ധ്യക്ഷനായി. കവി പി.കെ. ഗോപി മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ്, കക്കോടി ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്, പ്രസ് ക്ലബ് മുന്‍ സെക്രട്ടറി പി. വിപുല്‍നാഥ്, കനകദാസ് പേരാമ്പ്ര, എ. ബിജുനാഥ്, ട്രസ്റ്റ് അംഗം ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. യോഗാചാര്യന് ഉണ്ണി രാമന്റെയും യോഗ വിദ്യാര്‍ത്ഥികളുടെയും യോഗ പ്രദര്‍ശനവും നടന്നു. കനകദാസ് പേരാമ്പ്ര, ഒരുക്കിയ മാതാ പേരാമ്പ്രയുടെ കാവ്യശില്പവും അരങ്ങേറി.
പാറപ്പുറം സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ യോഗാചാര്യ ഷിനിസനാദനന്റെ നേതൃത്വത്തില്‍ യോഗ ദിനം ആചരിച്ചു. ആര്‍എസ്എസ് ബേപ്പൂര്‍ നഗര്‍ സംഘചാലക് കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. മുരളീധരന് മുതുവനചാലില് അദ്ധ്യക്ഷനായി. ഷിംജീഷ് പാറപ്പുറം, പി.പി. സോമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: