കോഴിക്കോട്: പിരിയഡ് ഉണ്ട്, പാഠ പുസ്തകമുണ്ട്, പരീക്ഷയുണ്ട്, എന്നാല്‍ പഠിപ്പിക്കാന്‍ അദ്ധ്യാപകരില്ല. കേരളത്തിലെ എല്‍പിസ്കൂളിലെ സംസ്കൃത വിദ്യാര്‍ത്ഥികളാണ് പഠിപ്പിക്കാന്‍ അദ്ധ്യാപകരില്ലാതെ വലയുന്നത്. പഠനം ഓണ്‍ലൈനില്‍ കൂടി ആയപ്പോള്‍ പലരും എല്‍പി ക്ലാസുകളില്‍ സംസ്കൃതത്തെ ഒഴിവാക്കുകയാണ്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള യുപി സ്കൂളുകളില്‍ യുപി വിഭാഗത്തിലെ അദ്ധ്യാപകര്‍ എല്‍ പി ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ക്ലാസ് എടുക്കണമായിരുന്നു. യുപി വിഭാഗത്തിലെ ക്ലാസുകള്‍ക്ക് പുറമെ അധിക സേവനം എന്ന നിലയിലായിരുന്നു എല്‍പി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരുന്നത്. എന്നാല്‍ എല്‍പി വിഭാഗം മാത്രമുള്ള കേരളത്തിലെ ആറായിരത്തോളം വിദ്യാലയങ്ങളില്‍ അദ്ധ്യാപകരില്ലാത്തതു കാരണം അപ്പോഴും സംസ്കൃത പഠനം നിഷേധിക്കപ്പെട്ടിരുന്നു.
അഞ്ചാം ക്ലാസ് മുതലാണ് ഐച്ഛികമായി സംസ്കൃത ഭാഷാ പഠനം ഉണ്ടായിരുന്നത്. 2012 സപ്തംബര്‍ 29 ന് ഇറങ്ങിയ ഉത്തരവിലൂടെയാണ് ഒന്നാം ക്ലാസ് മുതല്‍ സംസ്കൃത പഠനത്തിനുള്ള അനുവാദം ഉമ്മന്‍ ചാണ്ടിസര്‍ക്കാര്‍ അനുവദിച്ചത്. നിലവില്‍ എല്‍പി ക്ലാസുകളില്‍ അറബി ഭാഷാ പഠനത്തിന് അനുവാദമുണ്ടായിരുന്നെങ്കിലും സംസ്കൃത പഠനം അംഗീകരിക്കപ്പെട്ടിരുന്നില്ല. നിലവില്‍ സംസ്കൃതം പഠിപ്പിക്കുന്ന ഒന്ന് മുതല്‍ ഏഴു വരെയും, ഒന്നു മുതല്‍ പത്തുവരെയും ക്ലാസുകളുള്ള വിദ്യാലയങ്ങളിലാണ് സംസ്കൃത പഠനത്തിന് അനുവാദം നല്‍കിയത്. സര്‍ക്കാറിന് അധിക സാമ്പത്തിക ബാദ്ധ്യതയില്ലാത്ത വിധം യുപി വിഭാഗത്തിലെ പാര്‍ടൈം സംസ്കൃത അദ്ധ്യാപകരുടെ സേവനം ഇതിനായി ഉപയോഗിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ എല്‍പി വിഭാഗത്തില്‍ സംസ്കൃത പഠനം അനുവദിച്ചെങ്കിലും അദ്ധ്യാപക തസ്തിക അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് യുപി ക്ലാസുകളിലെ അദ്ധ്യാപകര്‍ മുന്‍കൈയെടുത്ത് എല്‍പി വിഭാഗത്തില്‍ സംസ്കൃത പഠനം ആരംഭിക്കുകയായിരുന്നു. എന്നാല്‍ സ്വതന്ത്ര എല്‍പി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരില്ലാത്തതിനാല്‍ സംസ്കൃത പഠനം നിഷേധിക്കപ്പെടുകയായിരുന്നു.
2018 ല്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് പ്രശ്നത്തില്‍ ഇടപെടുകയും വിദ്യാഭ്യാസ വകുപ്പ് നിശ്ചയിക്കുന്ന മിനിമം കുട്ടികളുണ്ടെങ്കില്‍ ഭാഷാ പഠനത്തിന് സ്വതന്ത്ര എല്‍പി സ്കൂളുകളെ കൂടി പരിഗണിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലം ഏഴുകോണ് സ്വദേശിയായ എ.എന്‍. സമീക്ഷ എന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി നല്കിയ പരാതിയെ തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും, സെക്രട്ടറിക്കും ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇതുവരെ എല്‍പി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്കൃതം പഠിക്കാന്‍ അവസരം ഉണ്ടാവുകയോ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: