കട്ടപ്പന: ലോക് ഡൗണ്‍ കാലഘട്ടത്തില്‍ ബോട്ടില്‍ പെയിന്റിങില്‍ വിസ്മയം തീര്‍ക്കുകയാണ് ഇഞ്ചപ്പത്താല് സ്വദേശിയായ ഐശ്വര്യ. പെയിന്റിങ് വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുവാനാണ് ഐശ്വര്യയുടെ തീരുമാനം.
ജന്മനാ കേഴ്വി ശക്തി കുറവുള്ള ഐശ്വര്യ ഡിഗ്രി കഴിഞ്ഞ് ഇപ്പോള്‍ പിഎസ്സി കോച്ചിങ് നടത്തിവരികയാണ്. വലിച്ചെറിയുന്ന കാലിക്കുപ്പികള്‍ ഐശ്വര്യക്ക് വെറും മാലിന്യമല്ല. ഓരോ കുപ്പിയിലും വിരിയുന്നത് കലാവൈഭവമാണ്. ഉപയോഗശൂന്യമായ ബോട്ടിലുകളിലാണ് മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് തോന്നിയ ആശയം പൂര്‍ത്തിയാക്കുവാന്‍ ലോക് ഡൗണ്‍ വേണ്ടിവന്നു. അക്രിലിക് പെയിന്റ്, മോള്‍ഡിങ് പേസ്റ്റ്, തുടങ്ങിയവ ഉപയോഗിച്ചാണ് ബോട്ടില്‍ പെയിന്റിങ് നടത്തുന്നത്.
നാടന്‍കലാരൂപങ്ങളും പ്രകൃതിയുടെ വിവിധ ഭാവങ്ങളും ആണ് കുപ്പികളില്‍ പ്രതിഫലിക്കുന്നത്. ഒരു ബോട്ടില്‍ ഡിസൈന്‍ ചെയ്യാന്‍ ഒരു ദിവസത്തിലധികം സമയമെടുക്കും. പ്രകൃതിക്കു ദോഷം ചെയ്യുന്ന കുപ്പികള്‍ അലങ്കാരവസ്തുക്കളാക്കി മാറ്റി സ്വീകരണ മുറികളില്‍ എത്തിക്കുകയാണ് ഐശ്വര്യ. മുപ്പത്തിയഞ്ചോളം കുപ്പികളിലാണ് ലോക് ഡൗണ്‍ കാലത്തു ഐശ്വര്യ പെയിന്റ് ചെയ്തത്.
ആര്‍ട്ട് ചെയ്ത കുപ്പികള്‍ക്കു ആവശ്യക്കാര്‍ ഏറെയാണെന്നും കുപ്പികള്‍ വിറ്റ് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുവാനുമാണ് ഐശ്വര്യയുടെ തീരുമാനം. പൊതുപ്രവര്‍ത്തകനായ എം.എസ്. സുരേന്ദ്രന്റെയും, ആശാപ്രവര്‍ത്തക ശുഭ സുരേന്ദ്രന്റെയും മൂന്നു മക്കളില്‍ രണ്ടാമത്തെ മകളാണ് ഐശ്വര്യ.
ഇഞ്ചപ്പത്താല് മേഖലയില്‍ സൗജന്യമായി മുഖാവരണങ്ങള്‍ തയ്ച്ചു വിതരണം ചെയ്യുന്നതിലും ഐശ്വര്യ ശ്രദ്ധ ചൊലുത്തുന്നുണ്ട്. സുദിന, ആഷിക് എന്നിവരാണ് സഹോദരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: