കൊടുവള്ളി: ശക്തമായ ഒരു കാറ്റോ മഴയോ പെയ്താല്‍ ദാമോദരന്റെ ഉള്ളൊന്നു പിടയും. കാരണം ഇടിഞ്ഞു വീഴാറായ ചുമരുകള്‍ക്കും, ഫ്ളക്സ് ഷീറ്റ് കൊണ്ട് മറച്ച മേല്‍ക്കൂരയ്ക്കും ഉള്ളിലാണ് ദാമോദരനും കുടുംബവും കഴിയുന്നത്. കിഴക്കോത്ത് പഞ്ചായത്തിലെ കാവിലുമ്മാരം അമ്പലത്തുംവടക്കയില് ദാമോദരനും കുടുംബവും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഈ കൂരയില്‍ ഒട്ടും സുരക്ഷിതമല്ലാതെ താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വീടിന് സമീപത്തെ തോട് മഴക്കാലത്ത് കവിഞ്ഞൊഴുകിയാല്‍ വീട്ടില്‍ വെള്ളവും കയറും.
പ്രായമായ ദാമോദരന്‍ കൃഷിപ്പണി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. അസുഖം വന്ന് ഹൃദ്രോഗിയായതോടെ പണിയ്ക്ക് പോവാന്‍ കഴിയാതായി. ഭാര്യ കമലയാണെങ്കില്‍ രക്തവാതവും, തൈറോയ്ഡും വന്ന് നടക്കാന്‍ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലുമാണ്. ഇവര്‍ക്ക് മൂന്ന് പെണ്മക്കളാണുള്ളത്. മൂന്നു പേരെയും വിവാഹം കഴിപ്പിച്ചയച്ചെങ്കിലും ഒരു മകളുടെ വിവാഹബന്ധം വേര്‍പെടുത്തേണ്ടി വന്നു. ഈ മകളും ഇവരുടെ രണ്ട് ചെറിയ കുട്ടികളും ഈ ഇടിഞ്ഞു വീഴാറായ വീടിനുള്ളിലാണ് താമസിക്കുന്നത്. ഇതിനുു പുറമെ മാനസിക രോഗിയായ ദാമോദരന്റെ സഹോദരിയും ഇവരോടൊപ്പമാണ് കഴിയുന്നത്.
സ്വന്തമായുള്ള നാലര സെന്റ് ഭൂമിയിലാണ് ദാമോദരന്റെ ഈ വീട് . പട്ടികജാതി വിഭാഗത്തില്‍പ്പെട്ട, സ്ഥിരമായ ഒരു വരുമാനം പോലുമില്ലാത്ത ഈ കുടുംബം അടച്ചുറപ്പുള്ള ഒരു വീടിനു വേണ്ടി ഗ്രാമപ്പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഗ്രാമസഭയില്‍ പലതവണ ഇക്കാര്യം ഉന്നയിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും അപേക്ഷയുമായി കയറിയിറങ്ങി. എന്നിട്ടും നടപടിയൊന്നും ഉണ്ടായില്ല.തന്റെയും കുടുംബത്തിന്റെയും ദുരിതാവസ്ഥ വാര്‍ഡ് അംഗത്തിന്റെ ശ്രദ്ധയില്‍ പലതവണ പെടുത്തിയിരുന്നതായും ദാമോദരന്‍ പറഞ്ഞു.
ഒരാഴ്ച മുമ്പ് നാട്ടിലെ ഒരു ക്ലബ്ബാണ് ഫ്ളക്സ് ഷീറ്റിട്ട് വീടിന്റെ ചോര്‍ച്ച മാറ്റിക്കൊടുത്തത്. ഈ മഴക്കാലം എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആശങ്കക്കിടയിലും തങ്ങളെ സഹായിക്കാന്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ദാമോദരനും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: