ഇടുക്കി: ജില്ലയില്‍ ഇന്നലെ 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഒരു ദിവസം ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ എണ്ണമാണിത്. മുമ്പ് ആറ് പേര്‍ക്ക് വരെ ജില്ലയില്‍ ഒരു ദിവസം രോഗം കണ്ടെത്തിയിരുന്നു.
19ന് രോഗം സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയായ ഡ്രൈവറുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. മൂന്നാമത്തെ രോഗി രാജകുമാരി കുരുവിളാസിറ്റി സ്വദേശിയായ 65 ആണ്. സര്‍ജറിക്ക് മുന്നോടിയായി ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവ് ആയത്. നാലാമത്തെ രോഗി 6ന് ബഹ്റൈനില്‍ നിന്നെത്തിയ മാങ്കുളം സ്വദേശിനിയായ 28കാരിയാണ്. കൊച്ചിയില്‍ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. അഞ്ചാമത്തെ രോഗി 6ന് ചെന്നൈയില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ കാന്തല്ലൂര്‍ മൂന്നാര്‍ സ്വദേശിയായ 35കാരനാണ്. സ്വന്തം വാഹനത്തില്‍ കൊച്ചിയില്‍ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
ആറാമത്തെ രോഗി 9ന് തമിഴ്നാട്ടില്‍ നിന്ന് വന്ന കുമളി റോസാപൂക്കണ്ടം സ്വദേശിയാണ്. ഭാര്യയോടും മകനോടുമൊപ്പം ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. എട്ടാമത്തെ രോഗി കട്ടപ്പന സ്വദേശിനിയായ 43 കാരിയായ ആശാ പ്രവര്‍ത്തകയാണ്. ഒമ്പതാമത്തെ രോഗി 7ന് വെസ്റ്റ് ബംഗാളില്‍ നിന്ന് തൊടുപുഴയിലെത്തിയ തൊടുപുഴ സ്വദേശിയായ 40കാരനാണ്. അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പമാണ് തൊടുപുഴയിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. അവസാനത്തെ രോഗികള്‍ മൂന്നാര്‍ ചൊക്കനാടുള്ള ഒരു കുടുംബത്തിലെ 3 പേരാണ്. അമ്മയും മക്കളുമാണ്. 10 നാണ് ഇവര്‍ തമിഴ്നാട്ടില്‍ പോയി വന്നത് 33 കാരിയായ അമ്മയും എട്ടും ആറും വയസുള്ള 2 പെണ്‍കുട്ടികളുമാണ് രോഗികള്‍. മൂവരും വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
കൂടുതല്‍ പേര്‍ക്ക് രോഗം വരുന്നതോടെ ജില്ല ആശങ്കയിലാണ്. രോഗികളുടെ എണ്ണത്തില്‍ ജില്ല അമ്പതിനോട് അടുക്കുകയാണ്. ഇതുവരെ 83 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 49 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരാള്‍ വീതം കോട്ടയത്തും മലപ്പുറത്തുമാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ 34 പേര്‍ക്ക് രോഗം ഭേദമായി. ആകെ 4268 പേരാണ് വീടുകളിലും സ്ഥാപനങ്ങളിലുമായി നിരീക്ഷണത്തിലുള്ളത്.
നിരവധി പേരുമായി സമ്പര്‍ക്കം
കുരുവിളാസിറ്റിയില്‍ കൊറോണ സ്ഥിരീകരിച്ച 65 കാരന് രോഗം എവിടെ നിന്ന് ബാധിച്ചുവെന്നത് വ്യക്തമല്ല. ഈ വിവരം നാടിനെ ആശങ്കയിലാക്കുകയാണ്. തിമിര ശസ്ത്രക്രിയയ്ക്കു മുന്നോടിയായി ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ 19ന് ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ സവ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം കണ്ടെത്തിയത്. രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഇയാള്‍ ഒട്ടേറെ പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുരുവിളാസിറ്റിയില്‍ ചില കടകളില്‍ ഇദ്ദേഹം വന്നിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളുടെ പ്രൈമറി കോണ്ടാക്ട് കണ്ടെത്താനുള്ള പരിശോധന ആരംഭിച്ച് കഴിഞ്ഞു.
രണ്ട് പേര്‍ക്ക് മുക്തി
11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ രണ്ട് പേര്‍ക്ക് രോഗമുക്തിയുണ്ടായതായി അധികൃതര്‍. എന്നാല്‍ ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണമെത്തിയിട്ടില്ല. ഫലം വരാന്‍ വൈകിയതാണ് ഇതിന് കാരണം. ഈ മാസം അഞ്ചിന് രോഗം സ്ഥിരീകരിച്ച ഉപ്പുതറ പശുപാറ സ്വദേശിനായ 25കാരി, ആറിന് രോഗം സ്ഥിരീകരിച്ച മുരിക്കാശേറി സ്വദേശിയായ 28കാരന് എന്നിവര്‍ക്കാണ് രോഗമുക്തി നേടിയത്. ഇവര്‍ ഇന്ന് രാവിലെ തന്നെ ആശുപത്രി വിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: