കൊറോണ വൈറസ് എന്ന മഹാമാരി കാരണം എല്ലാം നിശ്ചലമായി. തലയ്‌ക്ക് മുകളിലൂടെയുള്ള വിമാനങ്ങളുടെ തിരക്കില്ല. ട്രെയിനുകള്‍ ഓടുന്നില്ല, റോഡുകളില്‍ ബ്ലോക്കില്ല, പുറത്തേക്ക് നടക്കാന്‍ പോകുന്ന ശീലം മനുഷ്യര്‍ നിര്‍ത്തി. ഭൂമി ശുദ്ധവും ആരോഗ്യകരവുമായ വായു ശ്വസിക്കുന്നു. മലിനീകരണം വളരെയധികം കുറയുകയും നിരന്തരമായ പുകയുടെ പിന്നില്‍ മറഞ്ഞിരിക്കുന്ന ശുദ്ധവായുവിനെ സ്വതന്ത്രമാക്കുകയും ചെയ്തു. നദികളിലെ ജലം ശുദ്ധമായി ഒഴുകുന്നു. മൃഗങ്ങള്‍ തങ്ങളുടെ ശരിയായ സ്ഥലം നിര്‍ഭയമായി അവകാശപ്പെടുന്നു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികള്‍ ഇപ്പോള്‍ പഞ്ചാബിലെ ജലന്ധറില്‍ നിന്ന് പോലും വ്യക്തമായി കാണാം.
ഇതെല്ലാം സമയത്തിന്റെ ഒരു ഹ്രസ്വ നിമിഷം മാത്രമാണെങ്കിലും മനുഷ്യ ചരിത്രത്തിലെ ഒരു നിര്‍ണായക സ്വാധീനമായി ഈ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കും. നമ്മുടെ ജീവിതത്തില്‍ ആദ്യമായി, മനുഷ്യന്റെ സംരംഭങ്ങളുടെ യന്ത്രങ്ങള്‍ നിലച്ചാല്‍ എന്തു സംഭവിക്കുമെന്നതിന്റെ കാഴ്ചപ്പാട് ലഭിച്ചു. എന്നാല്‍ വികസനത്തിന്റെ വേഗത കുറച്ചതിന്റെ പ്രത്യാഘാതങ്ങള്‍ യഥാര്‍ഥത്തില്‍ മനസ്സിലാക്കാന്‍, ആദ്യം നാം വികസനത്തിന്റെ വീഴ്ച മനസ്സിലാക്കണം.
ഇപ്പോള്‍ ചുവടുകളുടെ വേഗം കുറഞ്ഞു. വ്യക്തി കുടുംബവുമായും പ്രിയപ്പെട്ടവരുമായും കൂടുതല്‍ സമയം ചെലവഴിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു സന്ദേശം ഇങ്ങനെ പറയുന്നു, നിങ്ങള്‍ക്ക് പുറത്തു പോകാന്‍ കഴിയാത്തപ്പോള്‍ അകത്തേക്ക് പോകുക. ‘പുറത്തേക്ക് മാത്രമല്ല, അകത്തേക്കും കൂടി യാത്ര ചെയ്യുക’ എന്ന ഭാരതീയ ചിന്തയുടെ സാരം ഇത് ഓര്‍മ്മിപ്പിക്കുന്നതാണ്.
ലോകം സ്തംഭിച്ച ഈ അവസ്ഥയ്‌ക്ക് ഒരു പോരായ്മയുമില്ലെന്ന് ഇതിനര്‍ത്ഥമില്ല. ലോകത്തിന്റെ സാമ്പത്തിക ചക്രം നിലച്ചു, ജോലി നഷ്ടപ്പെട്ടു, ശമ്പള കുടിശ്ശികയുണ്ട്. കടങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആളുകള്‍ ഉപജീവനമാര്‍ഗം തേടി നഗരങ്ങള്‍ വിട്ട് ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു.
വികസനം നഗര കേന്ദ്രീകൃതമായതിനാല്‍, റോഡുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ മുതലായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും, നഗര കേന്ദ്രീകൃതമായി തുടരുന്നു. തല്‍ഫലമായി, ഭാരതത്തിന്റെ കഴിവുകളും ബുദ്ധിയും ഗ്രാമത്തില്‍ നിന്ന് നഗരങ്ങളിലേക്കും, നഗരങ്ങളില്‍ നിന്ന് മെട്രോയിലേക്കും, മെട്രോകളില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കും കുടിയേറി. അതിനാല്‍ ഗ്രാമങ്ങള്‍ ശൂന്യമാവുകയും നഗരങ്ങളിലെ തിരക്ക് വര്‍ദ്ധിക്കുകയും ചെയ്തു. വികസ്വര, അവികസിത രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിച്ച ‘ആഗോളവല്‍ക്കരണം’ ഇപ്പോള്‍ അതിന്റെ പ്രതികൂല ഫലങ്ങള്‍ വെളിപ്പെടുത്തുന്നു.
ലോകം മുഴുവന്‍ പുതിയ മാതൃകയെക്കുറിച്ച് ആശങ്കാകുലരാണ്, ഭാരതത്തിന് സമാധാനം പകരാനും ലോകത്തെ ശക്തിപ്പെടുത്താനും കഴിയുമോ? ഉത്തരം അതെ. ഭാരതത്തിന് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ. കാരണം ഇതിന് ആവശ്യമായ മൂന്ന് ഗുണങ്ങള്‍ ഭാരതത്തിന് മാത്രമേയുള്ളൂ. ഒന്ന്, സാമൂഹികവും ദേശീയവുമായ ജീവിതത്തിന്റെ 10,000 വര്‍ഷത്തിലേറെയുള്ള അനുഭവം. രണ്ടാമതായി, ഭാരതത്തിന് ആത്മീയത അടിസ്ഥാനമാക്കിയ സമഗ്രമായ ജീവിത വീക്ഷണവും ലോകവീക്ഷണത്തിന്റെ ജീവിതാനുഭവവുമുണ്ട്. ഉപഭോഗം യുഗങ്ങളായി ഭാരതത്തെക്കുറിച്ച് നിരീക്ഷിച്ചതിലൂടെ ലോകം അനുഭവിച്ചതും ഇതാണ്. ഭൗതിക സമ്പന്നതയുടെ പരകോടി ഭാരതം നേടിയിരുന്നു. വാസ്തവത്തില്‍ ലോക വ്യാപാരത്തില്‍ നൂറ്റാണ്ടുകളായി ഏറ്റവും ഉയര്‍ന്ന പങ്ക് നാം വഹിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഭാരതത്തിലെ ജനങ്ങള്‍ കച്ചവടത്തിനായി വിവിധ രാജ്യങ്ങളിലേക്ക് പോകാറുണ്ടായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ അവിടത്തെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനായി ‘കോളനികള്‍’ നിര്‍മ്മിക്കാന്‍ നാം ശ്രമിച്ചിട്ടില്ല, അവരെ അടിമകളാക്കാനോ പരിവര്‍ത്തനം ചെയ്യാനോ ശ്രമിച്ചിട്ടില്ല. മറിച്ച്, സ്വന്തം ജീവിത ഉദാഹരണങ്ങളിലൂടെ സംസ്‌കാരവും പരിഷ്‌കൃതവുമായ ഒരു ജീവിതരീതി നല്‍കി. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണാന്‍ പഠിപ്പിച്ചു. ‘വാസുധൈവ കുടുംബകം’. എവിടെ പോയാലും നാം സമ്പത്ത് സൃഷ്ടിക്കുകയും, സമൃദ്ധി വ്യാപിപ്പിക്കുകയും ചെയ്യും. ഒരു പുതിയ ലോകക്രമത്തെ രൂപപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടും വൈദഗ്ധ്യവും അനുഭവവും ഭാരതത്തില്‍ ഉണ്ടെന്ന് ഇത് കാണിക്കുന്നു.
(ആര്‍എസ്എസ് സഹസര്‍കാര്യവാഹ് മന്‍മോഹന്‍ വൈദ്യ ഇന്ത്യന്‍ എക്സപ്രസ്സില്‍ എഴുതിയ ലേഖനം ‘Bharat can Help shape a New World Order’ എന്നതിന്റെ പരിഭാഷ)
പരിഭാഷ- വി. മുരളീധരന്‍,
പ്രിന്റര്‍ & പബ്ലിഷര്‍ ജന്മഭൂമി,
കൊല്ലം എഡിഷന്‍
9961075898
പ്രതികരിക്കാൻ ഇവിടെ എഴുതുക: