രാഷ്ട്രീയത്തില്‍ എതിര്‍പക്ഷത്തെ ശത്രുക്കളായി കാണുന്നത് ഭാരതീയ സങ്കല്‍പ്പമല്ല. എതിര്‍പക്ഷത്തെ പ്രതിയോഗികള്‍ എന്നേ കണക്കാക്കാറുള്ളൂ. ഇന്ന് പ്രതിയോഗികളാണെങ്കില്‍ പോലും നാളെ പക്ഷം മാറിക്കൂടായ്കയില്ല. പൊതുവേ കണ്ടുവരുന്ന സ്വഭാവവും അതാണല്ലൊ. എന്നാല്‍ കുറച്ചുകാലമായി എതിര്‍പക്ഷത്തുള്ളവരെ ശത്രുക്കളായി പരിഗണിക്കുന്നത് പതിവ് കാഴ്ചയായിരിക്കുന്നു. സ്വീകരിക്കുന്ന നിലപാടുകളും ഉപയോഗിക്കുന്ന ഭാഷയും വാക്കുകളും ശത്രുക്കളോടുപോലും ചെയ്യാന്‍ പാടില്ലാത്തവിധമാണെന്ന് പറയേണ്ടിയിരിക്കുന്നു. മഹാമാരിയുടെ അതിരൂക്ഷമായ ഭീഷണിക്ക് നടുവിലും അതിര്‍ത്തിയിലെ സംഘര്‍ഷഭരിതമായ സാഹചര്യത്തിലുമാണ് നാളുകള്‍ പിന്നിടുന്നത്. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ പ്രതിപക്ഷ ഭരണകക്ഷി നേതാക്കള്‍ ഈ സാഹചര്യത്തിലും പരിധിവിട്ട രാഷ്ട്രീയ കലഹത്തില്‍ ആമോദിച്ച് നാണം കെടുകയാണ്. അനുദിനം അത് കൂടിക്കൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ ഈ വാഗ്വാദം ചില ദേശീയ നേതാക്കള്‍ എന്ന് ഊറ്റം കൊള്ളുന്നവരും ഏറ്റെടുത്തിട്ടുണ്ട്. ഇരുപക്ഷത്തിന്റെയും കൊള്ളരുതായ്മകള്‍ക്കുള്ള മറയായി ഇത് ഉപയോഗിക്കാന്‍ നോക്കുകയാണ്.
ചൈനക്കാരുടെ പട്ടാളം 20 ഇന്ത്യന്‍ സൈനികരെ നിഷ്ഠുരമായി കൊലപ്പെടുത്തിയ അതീവ ദുഃഖകരമായ സാഹചര്യമാണ് കഴിഞ്ഞയാഴ്ച ഉണ്ടായത്. രാഷ്ട്രം ഒന്നടങ്കം ആ വാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. സകലമാന ദേശസ്നേഹികളും അതില്‍ നടുക്കം പ്രകടിപ്പിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ ജനനായകരെ അതൊന്നും ബാധിക്കുന്നില്ല എന്ന നിലയിലാണ് പെരുമാറ്റം. ഒരു അനുശോചന സന്ദേശം പോലും പ്രകടിപ്പിക്കാന്‍ തുനിയാത്ത ഭരണ-പ്രതിപക്ഷ കക്ഷിനേതാക്കള്‍ കൊറോണ ചികിത്സയുടെ പേരില്‍ മൂപ്പിളമ തര്‍ക്കത്തിലാണെന്ന് കാണുമ്പോള്‍ ലജ്ജിക്കാത്തവരുണ്ടാവില്ല. ലോകത്തിന് മാതൃകയായി കൊറോണയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പ്രയത്നിക്കുന്നതിന്റെ പ്രതിഫലനം നമ്മുടെ രാജ്യത്ത് കാണാനുണ്ട്. ചില പ്രദേശങ്ങളില്‍ നല്ല രീതിയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ അപ്രതീക്ഷിതമായ തിരിച്ചടിയും ഉണ്ടാകുന്നു. മഹാരാഷ്ട്ര, ദല്‍ഹി, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ആര്‍ക്കും സന്തോഷം പകരുന്നതല്ല. രോഗവര്‍ധനയുണ്ടാകുന്നത് ഏതെങ്കിലും മുഖ്യമന്ത്രിയുടേയോ മന്ത്രിയുടേയോ പോരായ്മ കൊണ്ടാണെന്ന് പറയാനാകില്ല. രോഗം കുറഞ്ഞതിന്റെ മേനി കൊയ്യാനും ഏതെങ്കിലും വ്യക്തി ശ്രമിക്കുന്നതും ശരിയല്ല. അതിന്റെ പേരില്‍ വക്കാണത്തില്‍ ഏര്‍പ്പെടുന്നത് അതിനേക്കാള്‍ ഭോഷ്കാണ്. അതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.
കേരളത്തിന്റെ മേന്മ ഇന്നത്തെ ഭരണകൂടത്തിന്റെ മിടുക്കെന്ന മട്ടില്‍ പൊങ്ങച്ചം വിളമ്പുന്നതിനെ പ്രതിപക്ഷ നേതാവും പ്രത്യേകിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വിമര്‍ശിച്ചത് മുഖ്യമന്ത്രിയും ഭരണകക്ഷി നേതാക്കളും ആയുധമാക്കിയിരിക്കുന്നു. പ്രതിപക്ഷം ആരോഗ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് വിമര്‍ശിക്കണോ എന്ന് അവര്‍തന്നെ ചിന്തിക്കേണ്ടതായിരുന്നു. അതിന്റെ പേരില്‍ അന്തരീക്ഷം മലിനമാക്കുംവിധമുള്ള പരാമര്‍ശങ്ങള്‍ സംശുദ്ധ രാഷ്ട്രീയത്തിന് ഒട്ടും ചേരുന്നതല്ല. ഓരോരുത്തരുടെ രാഷ്ട്രീയ സംസ്കാരങ്ങളും പെരുമാറ്റങ്ങളുമാണ് പ്രതികരണങ്ങളില്‍ക്കൂടി പ്രകടമാകുന്നത്. ഇന്ന് പ്രതിപക്ഷത്തെ വിമര്‍ശിക്കുന്ന പിണറായി വിജയനാണ് അദ്ദേഹത്തിന്റെ ഒരു പ്രതിയോഗിയെ ‘പരനാറി’ എന്ന് കുറ്റപ്പെടുത്തിയത്. ഒരു ബിഷപ്പിനെ ‘നികൃഷ്ടജീവി’ എന്നാക്ഷേപിച്ചതും മറക്കാറായിട്ടില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരനായ ഒരു നേതാവ് ഒരു കേസില്‍ പറഞ്ഞ വിധി സഹിക്കാത്തതിനാല്‍ ജഡ്ജിയെ ‘ശുംഭന്’ എന്നാണ് ആക്ഷേപിച്ചത്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സോണിയ പ്രധാനമന്ത്രിയെ മരണത്തിന്റെ വ്യാപാരി എന്നും മകനും കോണ്‍ഗ്രസ് ദേശീയ നേതാവുമായ രാഹുല്‍ പ്രധാനമന്ത്രിയെ കള്ളനെന്ന് പലകുറി പറഞ്ഞതും മറന്നുകൂടാ. രാഷ്ട്രീയ നേതാക്കളുടെ വാക്കും പ്രവര്‍ത്തിയും ജനങ്ങള്‍ കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. മാന്യതയും മര്യാദയും ധാര്‍മ്മികതയുമില്ലാത്ത നേതാക്കളെ ജനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് എത്തിക്കുക എന്ന് ഓര്‍മ്മിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: