ലണ്ടന്‍: പ്രീമിയര്‍ ലീഗിന്റെ തിരിച്ചുവരവില്‍ ആഴ്സണല്‍ കിതയ്ക്കുന്നു. ബ്രൈറ്റണ് ഹോവിനെതിരായ മത്സരത്തില്‍ മുന്നിട്ടുനിന്ന ശേഷം അവര്‍ തോല്‍വി ഏറ്റുവാങ്ങി. പ്രീമിയര്‍ ലീഗ് തിരിച്ചുവന്നതിനുശേഷം ആഴ്സണലിന്റെ രണ്ടാം തോല്‍വിയാണിത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രൈറ്റണ് പീരങ്കിപ്പടയെ അട്ടിമറിച്ചത്. മത്സരത്തിനിടെ ഗോളി ബേണ്‍ഡ് ലെനോയ്ക്ക് പരിക്കേറ്റതും ആഴ്സണലിന് തിരിച്ചടിയായി.
മൂന്ന് ദിവസം മുമ്പ് ആഴ്സണല്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റു. രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതോടെ ആഴ്സണലിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ തകര്‍ന്നു. പോയിന്റ് നിലയില്‍ ആഴ്സണല്‍ പത്താം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കാള്‍ ആറു പോയിന്റ് പിന്നില്‍. ആഴ്സണലിന് മുപ്പത് മത്സരങ്ങളില്‍ നാല്‍പ്പത് പോയിന്റും യുണൈറ്റഡിന് നാല്‍പ്പത്തിയാറ് പോയിന്റുമാണുള്ളത്.
മത്സരത്തിന്റെ അറുപത്തിയെട്ടാം മിനിറ്റില്‍ പെപ്പ് ആഴ്സണലിനെ മുന്നിലെത്തിച്ചു. പക്ഷെ ഏഴു മിനിറ്റിനുള്ളില്‍ ബ്രൈറ്റണ് ഗോള്‍ മടക്കി. ഡങ്കാണ് സ്കോര്‍ ചെയ്തത്. ഇഞ്ചുറിടൈമിന്റെ അഞ്ചാം മിനിറ്റില്‍ നീല്‍ മൗപേ നിര്‍ണായക ഗോളിലൂടെ ബ്രൈറ്റണ് വിജയം സമ്മാനിച്ചു.
ഈ സീസണില്‍ ആഴ്സണിലിനായി മികച്ച പ്രകടനം കാഴ്ചവച്ചുവരുന്ന ഗോള്‍ കീപ്പര്‍ ബേണ്‍ഡ് ലെനോയ്ക്ക്് ബ്രൈറ്റണിന്റെ സ്ട്രൈക്കര്‍ നീല്‍ മൗപേയുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്.
മറ്റൊരു മത്സരത്തില്‍ വാറ്റ്ഫോര്‍ഡ് ലെസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചു 1-1. തൊണ്ണൂറാം മിനിറ്റില്‍ ചില്‍വെല്ലിന്റെ ഗോളില്‍ ലെസ്റ്റര്‍ സിറ്റി മുന്നിലെത്തി. ഇഞ്ചുറി ടൈമില്‍ വാറ്റ്്ഫോര്ഡിന്റെ ഡാസണ്‍ ഗോള്‍ മടക്കി. ക്രിസ്റ്റല്‍ പാലസ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് എഎഫ്സി ബേണ്‍മൗത്തിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: