കോട്ടയം : വീര്യംകൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി കുറുപ്പന്തറയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. പാലാ തിടനാട് വില്ലേജിൽ ചെങ്ങഴ വീട്ടിൽ ബിനോയ് മകൻ ബെൻ ജോസ് ബിനോയ് (20), കാഞ്ഞിരപ്പള്ളി കപ്പാട് കരയിൽ തൈപ്പറമ്പ് വീട്ടിൽ മാനുവൽ മകൻ ജെർമിയ മാനുവൽ(21) എന്നിവരാണ് പിടിയിലായത്.
8.91 ഗ്രാം തൂക്കം വരുന്ന 22 എം.ഡി.എം.എയും, 0.63 ഗ്രാം ഹാഷിഷും ,ആഢംബര കാറും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ക്യാപ്‌സൂളിനു 4500 രൂപ വില വരുന്ന മെത്തഡിൻ ഡയോക്‌സി മെത്താഫിൻ എന്ന എം.ഡി.എം.എയാണ് ലഹരിമാഫിയ സംഘം കേരളത്തിലേയ്‌ക്ക് എത്തിക്കുന്നത്. വൻ തോതിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വിതരണം ചെയ്യാൻ എത്തിച്ച വീര്യം കൂടിയ ലഹരിമരുന്നാണ് എക്‌സൈസ് സംഘം പരിശോധനയിലൂടെ പിടിച്ചെടുത്തത്.
കടുത്തുരുത്തി, കുറവിലങ്ങാട്, വൈക്കം, തലയോലപ്പറമ്പ് മേഖലകളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ബംഗളൂരു മോഡലിൽ വീര്യം കൂടിയ ലഹരി മരുന്നുകൾ എത്തിക്കുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി എക്‌സൈസ് ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച ഉച്ചയോടെ ലഹരിമാഫിയ സംഘം ആഡംബര കാറിൽ പ്രദേശത്തേയ്‌ക്ക് എത്തിയത്.
വാഹന പരിശോധനയ്‌ക്കിടെ എക്‌സൈസ് സംഘത്തിന്റെ മുന്നിൽ എത്തിയ കാർ തടഞ്ഞു നിർത്തി. തുടർന്നു നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്നും വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എയും, ഹാഷിഷും കണ്ടെത്തുകയായിരുന്നു. പ്രതികളെ പിടികൂടിയ ശേഷം കടുത്തുരുത്തി റേഞ്ച് ആഫീസിൽ കേസ് രജിസ്റ്റർ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: