ന്യൂദല്‍ഹി: ചൈനയുടെ പ്രകോപനത്തെ നേരിടാന്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്യം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും ചൈനയുടെ അതിര്‍ത്തിയിലെ അതിക്രമങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പൂര്‍ണ സ്വാതന്ത്യം നല്‍കുന്നതായുള്ള തീരുമാനം കൈക്കൊണ്ടത്. കര, നാവിക, വ്യോമസേനകളോട് ശക്തമായി നിരീക്ഷണം തുടരാനും നിര്‍ദേശം നല്‍കി.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തും കര, നാവിക, വ്യോമ സേനാവിഭാഗങ്ങളുടെ മേധാവികളും പങ്കെടുത്ത യോഗത്തിലാണ് തിരിച്ചടിക്കാന്‍ സജ്ജരാകാന്‍ സേനാ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കടന്നു കയറിയ പ്രദേശങ്ങളില്‍ നിന്നും ചൈനീസ് പട്ടാളം തിരികെ പോയെങ്കിലും ഗല്‍വാന്‍ താഴ്‌വരയ്‌ക്കുമേല്‍ അവകാശവാദം തുടരുന്നതിനാല്‍ സേനാവിന്യാസം ശക്തമാക്കാനും പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കിയതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗല്‍വാന്‍വാലിക്ക് മേല്‍ പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ചൈനീസ് നടപടി സ്വീകാര്യമെല്ലന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചൈനയുടെ മുന്‍നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ വാദം. ഗല്‍വാന്‍വാലി അടക്കമുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയിലെ എല്‍എസി സംബന്ധിച്ച് ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ ധാരണയുണ്ട്. ഗല്‍വാന്‍വാലിയിലടക്കമുള്ള എല്‍എസിയില്‍ ഇന്ത്യന്‍ സൈന്യം കരുതലോടെ തന്നെയുണ്ടാകും. ചൈനീസ് വിദേശകാര്യവക്താവിന് നല്‍കിയ മറുപടിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എല്‍എസിയില്‍ ഒരിടത്തും ഇന്ത്യന്‍ സൈന്യം യാതൊരു ഏകപക്ഷീയ നടപടിയും സ്വീകരിച്ചിട്ടില്ല. കാലങ്ങളായി ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്ന പ്രദേശങ്ങളാണിവയൊക്കെ. എല്‍എസിയിലെ ഇന്ത്യന്‍ ഭാഗത്താണ് അടിസ്ഥാന സൗകര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: