തിരുവനന്തപുരം: ജില്ലയില്‍ വരുംദിവസങ്ങളില്‍ കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ കൂട്ടംകൂടുന്നത് സാമൂഹ വ്യാപന ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം മണക്കാട്, ഐരാണിമുട്ടം ഭാഗങ്ങളില്‍ രോഗവ്യാപനമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തി പ്രാദേശികമായി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലയിലെ എംഎല്‍എമാരുടെ യോഗം വിളിക്കും. കോര്പ്പറേഷന് കൗണ്‍സിലര്‍മാരുടെ യോഗവും ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗവും ചേരും.
തീരദേശ മേഖലയിലെ സ്ക്രീനിംഗ് ശക്തമാക്കും. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍, കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട ലാബുകള്‍, തുടങ്ങിയവ പ്രയോജനപ്പെടുത്തും. രോഗവ്യാപനത്തെക്കുറിച്ച് ബോധവാന്മാരാണെങ്കിലും അത് വകവയ്ക്കാതെ പൊതുജനങ്ങള്‍ നിരത്തിലിറങ്ങുന്നത് ഒഴിവാക്കണം.
ജില്ലാകളക്ടര്‍ നവ് ജ്യോത് ഖോസ, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, നിയുക്ത ഡിസിപി ഡോ. ദിവ്യ ഗോപിനാഥ്, സ്ഥാനമൊഴിയുന്ന ഡിസിപി കറുപ്പുസ്വാമി, എഡിഎം വി.ആര്. വിനോദ്, ഡപ്യൂട്ടി കളക്ടര്‍മാര്‍, ഡിഎംഒ പി.പി.പ്രീത തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: