കാറഡുക്ക: മഴക്കാലമായാല്‍ ശാന്തിനഗര്‍-നടുവങ്ങാടി റോഡില്‍ യാത്രാ ദുരിതമേറുന്നു. റോഡില്‍ കെട്ടികിടക്കുന്ന മഴവെള്ളം കാരണം ഗതാഗതം പലപ്പോഴും മുടങ്ങുന്നതിവിടെ പതിവാണ്. മൂന്ന് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ശാന്തിനഗര്‍-കോളിയടുക്ക-നടുവങ്ങാടി പാതയുടെ പണി തുടങ്ങിയിട്ട് രണ്ടുവര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രി ശാന്തിനഗര്‍ ഭാഗത്ത് മഴവെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ പാതയില്‍ തന്നെ കെട്ടിനിന്നു. ആഴമറിയാതെ പോയ ബൈക്കുകള്‍ കുഴിയില്‍ വീഴുന്നത് നിത്യ സംഭവമാണ്.
വെള്ളം അകത്ത് കടക്കുന്ന നിലയിലെത്തിയതോടെ കാറുകളടക്കമുള്ള വാഹനങ്ങള്‍ക്കും പോകാന്‍ പറ്റാതെയായി. ഈ റോഡിനെ ആശ്രയിക്കുന്ന ശാന്തിനഗര്‍, ചെന്നാങ്കോട്, കോളിയടുക്ക ഭാഗത്തുള്ള 500ഓളം കുടുംബങ്ങളടക്കമുള്ളവരുടെ വാഹനയാത്ര മുടങ്ങി. ചെളിവെള്ളം പലരുടേയും വീട്ടുമുറ്റത്ത് വരെയെത്തി. ഓടനിര്‍മിക്കാത്തതും കലുങ്കില്ലാത്തതുമാണ് മഴവെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാക്കിയത്. റോഡരികില്‍ താമസിക്കുന്ന ചിലര്‍ പുരയിടത്തിലെ വെള്ളം റോഡിലേക്ക് വിട്ടതും പലയിടത്തും മരങ്ങള്‍വെട്ടി മണ്ണെടുത്തതും മഴവെള്ളം വന്‍തോതില്‍ റോഡിലെത്താന്‍ ഇടയാക്കി.
പണി നടക്കുന്നതിനാല്‍ രണ്ടുവര്‍ഷത്തോളമായി ഈ പാതവഴി യാത്ര ഭാഗികമായി മുടങ്ങിയിരുന്നു.
അര കിലോമീറ്ററോളം ഭാഗം മണ്ണിട്ട് പൊക്കി ഓടപണിയുകയോ പലയിടത്തായി മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഉണ്ടാക്കുകയോ ചെയ്താലേ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പറ്റൂ. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് 3.34 കോടി രൂപയുടെ പദ്ധതി 2018ല്‍ ആരംഭിച്ചത്. 2019 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്.
പണി തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും 4.42 കിലോമീറ്റര്‍ പാതയില്‍ മണ്ണെടുത്ത് ഒന്നാം ലെയര്‍ കരിങ്കല്ലുകള്‍ പാകുക മാത്രമാണ് ചെയ്തത്. ചെന്നാങ്കോട് വളവില്‍ വീതികൂട്ടാതെയാണ് പാതയ്‌ക്ക് മണ്ണെടുത്തിരിക്കുന്നത്. ഒരുഭാഗം സ്വകാര്യ വ്യക്തിയുടെ മതിലുള്ളതിനാല്‍ എതിരെ വരുന്ന വാഹനങ്ങളെ കാണാനാവാതെ അപകടമുണ്ടാകാന്‍ സാധ്യതയേറെയാണവിടെ. നല്ല പാത കിട്ടുമെന്ന പ്രതീക്ഷയില്‍ ഏക്കറുകണക്കിന് ഭൂമി സമീപവാസികള്‍ വിട്ടുനല്‍കിയിരുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയെയും നെല്ലിക്കട്ട-കര്‍മന്‍തോടി, മുള്ളേരിയ-കുമ്പള എന്നീ പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന പാതയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: