തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് ഹോട്ട്സ്പോട്ട് ആക്കി. ഇതില്‍ കാലടി ജംഗ്ഷന് (കാലടി വാര്‍ഡ്), ആറ്റുകാല്‍ (ആറ്റുകാല്‍ വാര്‍ഡ്), മണക്കാട് ജംഗ്ഷന് (മണക്കാട് വാര്‍ഡ്), ചിറമുക്ക് കാലടി റോഡ് (ആറ്റുകാല്‍, കാലടി വാര്‍ഡ്), ഐരാണിമുട്ടം (ആറ്റുകാല്‍ വാര്‍ഡ്) എന്നിവിടങ്ങള്‍ കണ്ടയിന്മെന്റ് സോണുകളാണ്. ഈ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ ഈ പ്രദേശങ്ങളിലെ അതിര്‍ത്തി റോഡുകള്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. കര്‍ശനമായ പോലീസ് പെട്രോളിംഗും ആരംഭിച്ചു.
ജില്ലയില്‍ കൊറോണ വ്യാപനം കൂടുന്നതോടെ നഗരവാസികള്‍ ആശങ്കയിലാണ്. ഇന്ന് മുതല്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ പറഞ്ഞിരുന്നു. നഗരാതിര്‍ത്തിയും ജില്ലാ അതിര്‍ത്തി കേന്ദ്രീകരിച്ചും ശക്തമായ പരിശോധനകളായിരിക്കും വരും ദിവസങ്ങളില്‍ ഉണ്ടാകുക. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച മണക്കാട് സ്വദേശി നഗരത്തിലെ ചാലക്കമ്പോളം, ബീമാപള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതും ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.
ലോക്ഡൗണില്‍ ഇളവു വന്നതോടെ പോലീസ് പരിശോധനങ്ങള്‍ നഗരത്തില്‍ ഏറെക്കുറേ ഒഴിവാക്കിയിരുന്നു. ഇതോടെ മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെ നഗരത്തില്‍ ഇറങ്ങുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിരുന്നു. സര്‍ക്കാരിന്റെ പല നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ മുഖവിലയ്ക്കെടുത്തുമില്ല. കൊറോണ വ്യാപനം ജില്ലയില്‍ കൂടിയാല്‍ നഗരത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നതിനാല്‍ കൊറോണ രോഗികളുടെ എണ്ണം പിടിച്ചുനിര്‍ത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.
നഗരത്തിന്റെ ഹൃദയ ഭാഗങ്ങളായ സെക്രട്ടേറിയറ്റ് പരിസരവും കിഴക്കേകോട്ടയിലും വലിയ തിരക്കാണ് ദിവസവും അനുഭവപ്പെടുന്നത്. ചാലക്കമ്പോളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന പരിശോധനയും ഇപ്പോള്‍ ഇല്ല. നഗരത്തിലെ കടകള്‍ക്കു മുന്നിലും എടിഎം സെന്ററുകളിലും കൊറോണ പ്രതിരോധത്തിന്റെ ആദ്യനാളുകളില്‍ കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും മറ്റും വച്ചിരുന്നെങ്കിലും ഇപ്പോള്‍ അവയൊന്നും ഇല്ലാതായി. ഹോട്ടലുകളിലും സ്ഥാപനങ്ങളുടെ ക്യാന്റീനുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അനുവാദത്തെയും ദുരുപയോഗം ചെയ്യുകയാണ്. ഇവിടങ്ങളില്‍ സാമൂഹ്യാകലം പാലിക്കുന്നില്ല. തലസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും മുഴുവന്‍ ജീവനക്കാരും എത്തുന്നതും രോഗവ്യാപനത്തിന്റെ ഭീഷണി വര്‍ദ്ധിപ്പിക്കുന്നു. ഇവിടങ്ങളിലും പ്രതിരോധ നടപടികളില്‍ നിന്ന് പിന്നാക്കം പോയിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ജില്ലയില്‍ ദിവസവും വന്നുപോകുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ പഴയതുപോലെ ദിവസവും പ്രതിഷേധ സമരങ്ങളുടെ നീണ്ട നിരയാണ്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കിയില്ലെങ്കില്‍ ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: