കരുനാഗപ്പള്ളി: കടല്‍കയറ്റം രൂക്ഷമാവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിട്ടും അവഗണനയാണ് സര്‍ക്കാര്‍ സമീപനം. കഴിഞ്ഞ 35 വര്‍ഷമായി സീ വാള് സംരക്ഷിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ ചെറിയഴീക്കലിലും പണിക്കര്‍ കടവിലും പുലിമുട്ടിന് തുക വകയിരുത്തിയതായും അടുത്ത കാലവര്‍ഷത്തിനു മുമ്പ് പുലിമുട്ട് യാഥാര്‍ത്ഥ്യമാകുമെന്നും ഉള്ള എംഎല്‍എയുടെ ഉറപ്പ് കാലവര്‍ഷം എത്തിയിട്ടും ഒന്നുമായിട്ടില്ല.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചെറിയഴീക്കലില്‍ കടല്‍കയറ്റം തടയുന്നതിനായി ജിയോ ബാഗുകളില്‍ മണ്ണു നിറച്ച് സ്ഥാപിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. അതാകട്ടെ കടലില്‍ കായം കലക്കുന്നതു പോലെ ആണെന്ന് തീരദേശവാസികള്‍ പറയുന്നു.
ടണ്‍ കണക്കിനു ഭാരമുള്ള പാറകള്‍ സ്ഥാപിച്ചാണ് സംരക്ഷണഭിത്തി നിര്‍മ്മിച്ചിരുന്നത്. പാറയുടെ ലഭ്യത കുറഞ്ഞതാണ് പുലിമുട്ട് നിര്‍മ്മാണം തടസ്സപ്പെടാന്‍ കാരണമെന്ന എംഎല്‍എ ഉള്‍പ്പടെ ഉളളവരുടെ പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമാണെന്ന് വാര്‍ഡ് മെമ്പര്‍ രാംകുമാര്‍ പറഞ്ഞു. ഐആര്‍ഇയുടെ ആവശ്യത്തിന് പണിക്കര്‍കടവ് പാലം വഴി നിരവഴി ലോഡ് പാറ നിത്യേന കടന്നുപോകുന്നുണ്ടെന്നും പുലിമുട്ട് നിര്‍മ്മാണത്തിന് പാറ ലഭ്യമല്ലെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുവാനാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്നും രാംകുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: