തിരുവനന്തപുരം: നഗരസഭ കൗണ്‍സില്‍ ഹാളിലെ വനിതാ ശുചിമുറിയില്‍ അരിയും നിത്യോപയോഗ സാധനങ്ങളും പൂഴ്ത്തിവച്ചിരിക്കുന്നുവെന്ന് ആക്ഷേപം. സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിനാലാണ് ശുചിമുറി ഉപയോഗത്തിന് തുറന്നുകൊടുക്കാത്തത് എന്നാണ് ആരോപണം ഉയരുന്നത്.
നഗരസഭ കൗണ്‍സില്‍ ഹാളിലെ വനിതകളുടെ ശുചിമുറി തുറന്നുകൊടുക്കണമെന്ന് ഇന്നലെ നടന്ന കൗണ്‍സിലിലും തൃക്കണ്മാപുരം കൗണ്‍സിലര്‍ തിരുമല അനില്‍ ആവശ്യപ്പെട്ടിരുന്നു. വനിതാ കൗണ്‍സിലര്‍മാര്‍ ഉപയോഗിച്ചിരുന്ന ശുചിമുറി കഴിഞ്ഞ ഒരു മാസമായി അടച്ചിട്ടിരിക്കുകയാണ്. തങ്ങളുടെ ആവശ്യം നിര്‍വഹിക്കാന്‍ നഗരസഭയിലെ മറ്റ് ഭാഗങ്ങളിലുള്ള ശുചിമുറികളാണ് വനിത കൗണ്‍സിലര്‍മാര്‍ ഉപയോഗിക്കുന്നത്.
ശുചിമുറിക്കുള്ളില്‍ അരിയും മറ്റ് സാധനങ്ങളും പൂഴ്ത്തിവച്ചിരിക്കുകയാണെന്നും അത് പാര്‍ട്ടി സംവിധാനം വഴി വിതരണം ചെയ്യുന്നതിനുള്ള ശ്രമമാണ് രഹസ്യമായി നടക്കുന്നത് എന്നാണ് ആരോപണം. വനിതകളുടെ ശുചിമുറി അടച്ചിട്ടിട്ട് ഒരു മാസം കഴിഞ്ഞു. ശുചിമുറി തുറന്നുകൊടുക്കണമെന്നുള്ള ആവശ്യം പലതവണ ഉയര്‍ന്നിട്ടും തുറന്നുകൊടുക്കുന്നില്ല. വനിതാ കൗണ്‍സിലര്‍മാരോട് നഗരസഭയിലെ മറ്റ് ശുചിമുറികള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം നല്‍കുന്നത്.
കമ്മ്യൂണിറ്റി കിച്ചണിലേക്ക് പൊതുജനങ്ങളും വിവിധ സന്നദ്ധസംഘടനകളും മതസ്ഥാപനങ്ങളും റസിഡന്‍സ് അസോസിയേഷനുകളും സംഭാവനയായി നല്കിയ സാധനങ്ങളാണ് ഇതിനകത്ത് സൂക്ഷിച്ചിരിക്കുന്നത്. ഇവ കമ്മ്യൂണിറ്റി കിച്ചണില്‍ ഉപയോഗിച്ച ശേഷം ബാക്കി വന്ന ടണ്‍കണക്കിന് അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളുമാണെന്നാണ് ആളുകള്‍ പറയുന്നത്. ഇവ പാര്‍ട്ടി സംവിധാനം വഴി രഹസ്യമായി വിതരണം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണം ഉയരുന്നു. ഭക്ഷ്യ സാധനങ്ങള്‍ സൂക്ഷിക്കാന്‍ നഗരസഭയ്ക്ക് മറ്റ് സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ ഇവ എന്തിനാണ് വൃത്തിഹീനമായ ശുചിമുറിയില്‍ സൂക്ഷിക്കുന്നതെന്ന ചോദ്യവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: