ആറാമത്തെ അന്താരാഷ്ട്ര യോഗദിനമാണ് (IDY- International Day of yoga) ഇന്ന് നാം ആഘോഷിക്കുന്നത്. ആഗോളതലത്തില്‍ നടക്കുന്ന ആഘോഷങ്ങളില്‍ എണ്ണത്തിലും വണ്ണത്തിലും ഒന്നാമതായി നില്കുന്ന ആഘോഷമായി ഇതു മാറിക്കഴിഞ്ഞു.
ഭാരതത്തില്‍ എല്ലായിടത്തും ദിനാഘോഷം സര്‍ക്കാരാഭിമുഖ്യത്തിലും അല്ലാതെയും നിറഞ്ഞു നില്ക്കുന്നു. ഇത്തവണത്തെ സാഹചര്യം ഒന്നു പ്രത്യേകമാണ്. അതുകൊണ്ടുതന്നെ yoga @ home, yoga with family എന്നതാണ് ‘ആയുഷി’ ന്റെ ഇത്തവണത്തെ മുദ്രാവാക്യം. ഈ വര്‍ഷം ഇതു കൂടുതല്‍ വിപുലമാവാനാണ് സാധ്യത. സമൂഹം, പ്രതിരോധശേഷി, ഐക്യം (Community, immunity, unity) ഇവ മൂന്നിനെയും ഊന്നിപ്പറയുന്നു, ആയുഷ്. ഹോളിവുഡ് മുതല്‍ ഹരിദ്വാര്‍ വരെ യോഗ പടര്‍ന്നു പന്തലിച്ചിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ലോകം മുഴുവനും മാനസിക സംഘര്‍ഷവും പിരിമുറുക്കവും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് 2015ല്‍ യു.എന്‍. IDY പ്രഖ്യാപിച്ചത്. ഇന്ന് മരുന്നില്ലാത്ത മറ്റൊരു മഹാമാരി കൂടി ലോകത്തെ ഗ്രസിച്ചിരിക്കുന്നു. രോഗപ്രതിരോധ ശേഷി കൂട്ടേണ്ട ആവശ്യകത ഇന്നുണ്ട്. ഭക്ഷണക്രമത്തിലൂടെയും യോഗാസന പദ്ധതിയിലൂടെയും ശ്വാസക്രമീകരണ ത്തിലൂടെയും (പ്രാണായാമം) ധ്യാനത്തിലൂടെയും ഇതു സാധ്യമാക്കണം.
അതായത് യോഗ നിത്യജീവിതത്തിന്റെ ഭാഗമാകണം.
പതഞ്ജലി മുനിയുടെ യോഗദര്‍ശനമാണ് യോഗ ഗ്രന്ഥങ്ങളില്‍ മുഖ്യം. അഷ്ടാംഗയോഗമാണ് പതഞ്ജലി സാധാരണക്കാര്‍ക്ക് ശുപാര്‍ശ ചെയ്യുന്നത്. അതു തന്നെയാണ് യോഗയിലെ മുഖ്യ ആകര്‍ഷണവും. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണാ, ധ്യാനം, സമാധി എന്നിവയാണ് നാം വളര്‍ത്തേണ്ട എട്ടംഗങ്ങള്‍.
അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവ യമങ്ങളും ശൗചം ,സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവ നിയമങ്ങളും ആണ്. ഇവയെല്ലാം സാധിക്കുന്നതു പോലെ അനുഷ്ഠിക്കണം. ശൗചത്തെപ്പറ്റി പതഞ്ജലി പറയുന്നത് പ്രത്യേകം പ്രസക്തമാണ്. ‘ശൗചാത് സ്വാംഗ ജുഗുപ്സാ പരൈഃ അസംസര്ഗഃ’ (യോഗദര്‍ശനം 2 40)
ശുചിത്വ ബോധം നമ്മെ സ്വന്തം അവയവങ്ങളെ മറച്ചുവെക്കാനും പരന്മാരുമായുള്ള സംസര്‍ഗം ഉപേക്ഷിക്കാനും പഠിപ്പിക്കുന്നു. ഡോക്ടര്‍മാരും നേഴ്സ്മാരും ശരീരം മൊത്തം മൂട്ടിക്കെട്ടിയാണ് ജോലി ചെയ്യുന്നത്. നമ്മളും മാസ്ക് ധരിക്കുന്നു. Social Distancing തന്നെ ‘പര സംസര്‍ഗ നിരോധം.’ കൊറോണ കാലത്തേക്കു വേണ്ടി എഴുതി വെച്ചതു പോലെ തോന്നും ഈ യോഗസൂത്രം.
യോഗാസനങ്ങളുടെ ശീലവും ആവശ്യമാണ്. പ്രത്യേകിച്ച് ജോലി ചെയ്യാതിരിക്കുന്ന ഈ സമയത്ത്. ശ്വസനക്രിയകളും രോഗപ്രതിരോധ ശക്തി കൂട്ടാന്‍ ഉപകരിക്കും. ഇവയും ധ്യാനവും മനസ്സിന്റെ ജാഡ്യം മാറ്റാനും ഉത്സാഹം വര്‍ധിപ്പിക്കാനും പ്രത്യാശ പകരാനും സഹായകമാണ്. ആത്മീയമായ ഗുണവശങ്ങളെയൊന്നും നോക്കാത്തവര്‍ക്കു പോലും യോഗ ഗുണകരമായിത്തീരും.
നമ്മുടെ പൈതൃകത്തോടുള്ള ശ്രദ്ധയും യോഗാചരണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകം മുഴുവന്‍ ആദരിക്കുന്ന ഈ നന്മയുടെ വിത്ത് നാം നട്ടുവളര്‍ത്തിയില്ലെങ്കില്‍ ഇതിന്റെ പിതൃത്വം അവകാശപ്പെടാന്‍ വിദേശികള്‍ വരും. ദേശാഭിമാനത്തിന്റെ പര്യായമായിപ്പോലും യോഗയെ കാണേണ്ടി വരും. അപ്പോള്‍ അതിന്റെ മാനം മാനത്തോളമുയരും.
(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: