ഇരിട്ടി: പ്രധാനമന്ത്രി സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച റോഡ് ടാറിംഗ് കഴിഞ്ഞ് രണ്ടാഴ്ച തികയുമ്പോഴേക്കും പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായതിനെതിരെ ബിജെപി പായം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഞാറുനട്ട് പ്രതിഷേധിച്ചു. ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് 6 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് നാലരക്കോടി രൂപ മുതല്‍ മുടക്കില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയത്.
മുന്‍പ് ടാര്‍ ചെയ്തിരുന്ന റോഡ് മുഴുവന്‍ പൊളിച്ചു കളഞ്ഞ് 10 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രാദേശിക യോഗങ്ങള്‍ ചേര്‍ന്ന് ചിലയിടങ്ങളില്‍ 8 മീറ്ററും ചിലയിടങ്ങളില്‍ 6 മീറ്ററുമായി വീതി കുറച്ചു. ആരുടെ താല്‍പ്പര്യപ്രകാരമാണ് റോഡ് ഈ വിധത്തില്‍ മാറ്റിമറിച്ചതെന്ന കാര്യം കണ്ടെത്തണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി മണ്ഡലം പ്രസിഡന്റ് എം. ആര്. സുരേഷ് ആവശ്യപ്പെട്ടു.
റോഡിന്റെ അവസ്ഥ ബിജെപി പ്രവര്‍ത്തകര്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ ഉത്തരം മുട്ടിയ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ സമര പ്രഹസനവുമായി എത്തിയതും നാട്ടുകാരില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്. ഇവരില്‍ പലരും കരാറുകാരനുമായി ഒത്തുകളിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഹരീന്ദ്രന്‍ കോളിക്കടവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.വി. അജയകുമാര്‍, ബാബു സി കീഴൂര്‍കുന്ന്, ജനറല്‍ സിക്രട്ടറി സത്യന് കൊമ്മേരി, സെക്രട്ടറി പ്രിജേഷ് അളോറ, യുവമോര്‍ച്ച മണ്ഡലം സിക്രട്ടറി സി. വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു. ഷാജി ചീങ്ങാക്കുണ്ടം സ്വാഗതവും ഗിരീഷ് കൈതേരി സ്വാഗതവും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: