കോട്ടയം: ശബരിമല വിമാനത്താവളത്തിനെന്ന പേരില്‍ സര്‍ക്കാരിന്റെ ഭൂമി സര്‍ക്കാര്‍ തന്നെ പണം കൊടുത്ത് ഏറ്റെടുക്കുന്നതിലൂടെ വന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടിന് കളമൊരുങ്ങുന്നു. വിമാനത്താവളത്തിന് 1200 ഏക്കര്‍ ഭൂമി മതിയാകുമെന്നാണ് കണക്കാക്കുന്നത്. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കറില്‍ ബാക്കിയുള്ള ഭൂമിയുമായി ബന്ധപ്പെട്ട് കോടികളുടെ ഭൂമിയിടപാടിന് കളമൊരുക്കുകയാണ് തിടുക്കത്തിലുള്ള ഏറ്റെടുക്കല്‍ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോപണമുയര്‍ന്നു.
പൂര്‍ണ്ണമായും വിമാനത്താവളത്തിന് ആവശ്യമില്ലാത്തതിനാല്‍ ബാക്കിയുള്ള ഭൂമി ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കണമെന്നാണ് ഭൂരഹിതരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വിമാനത്താവളത്തിനായി ചെറുവള്ളിയെ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കാനാണ് നീക്കം നടക്കുന്നത്. വിമാനത്താവളത്തിന്റെ വിശദമായ പഠന റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകും.
നിലവില്‍ തോട്ടഭൂമിയായാണ് രേഖകളില്‍ കാണിച്ചിരിക്കുന്ന ഭൂമിയുടെ തരം. എന്നാല്‍ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുന്നതോടെ ഈ സ്ഥിതി മാറും. ഇതോടെ ഭൂമിയുടെ വില കുതിച്ച് ഉയരും. ഇപ്പോഴുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഊഹിക്കാന്‍ പറ്റാത്ത അത്ര വിലയായിരിക്കും ചെറുവള്ളിയിലെ ഭൂമിക്ക് വരാന്‍ പോകുന്നത്. ഇത് കോടികള്‍ മറിയുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഇടയാക്കുമെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ചെറുവള്ളിയില്‍ സാധ്യത ചെറുകിട, ഇടത്തരം വിമാനത്താവളത്തിനായിരിക്കും. ഈ സാഹചര്യത്തില്‍ 2263 ഏക്കര്‍ ഭൂമി ആവശ്യമില്ല. അതിനാല്‍ വിമാനത്താവളത്തിന്റെ ഉപയോഗത്തിന് ശേഷമുള്ള ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല.കോടികള്‍ കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് പിന്നില്‍ സാമ്പത്തിക താല്പര്യങ്ങളുണ്ടെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് സര്‍ക്കാര്‍ നടപടികള്‍.
അനുമതിക്ക് കടമ്പകളെറെ
വിവാദമായ എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്താലും വിമാനത്താവളം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടിവരും. ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തിന് സിവില്‍ വ്യേമയാന വകുപ്പിന്റെ അനുമതി കിട്ടുക പ്രയാസമായിരിക്കും.
കൂടാതെ ചെറുവള്ളി എസ്റ്റേറ്റില്‍ പൊന്തന്‍പുഴ വനഭൂമിയുടെ ഭാഗം ഉള്‍പ്പെട്ടിട്ടുളളതും തിരിച്ചടിയാണ്. കേന്ദ്ര വനനിയമം അനുസരിച്ച് വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. പെരിയാര്‍ കടുവ സങ്കേതത്തിന്റെ സാമിപ്യവും പ്രധാന തടസ്സമാണ്. ഈ സാഹചര്യത്തില്‍ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് പ്രധാനമാണ്.
ചെറുവള്ളി എസ്റ്റേറ്റിന്റെ വിസ്തൃതി സംബന്ധിച്ചും അവ്യക്തതയുണ്ട്. രേഖകളില്‍ 2263 ഏക്കര്‍ ഭൂമിയാണ് കാണിച്ചിട്ടുണ്ടെങ്കിലും ഏരിയല്‍ സര്‍വേ നടന്നിട്ടില്ലാത്തതിനാല്‍ ഇതിലുമേറെ ഭൂമി ഉണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇത്രയേറെ കടമ്പകള്‍ കടന്ന് വിമാനത്താവളത്തിന് അനുമതി കിട്ടുക എളുപ്പമല്ല എന്നറിയാമെങ്കിലും കോടികള്‍ കെട്ടിവച്ച് സ്വന്തം ഭൂമി തന്നെ സര്‍ക്കാര്‍ വിലയ്ക്കെടുക്കുന്നതിനുള്ള തീരുമാനം അഴിമതിക്കു വഴിവയ്ക്കുന്നതാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: