ശാസ്താംകോട്ട: കുന്നിടിഞ്ഞ് ദുരന്തമുണ്ടാകുമെന്ന് വ്യാജരേഖയുണ്ടാക്കി മൈനിങ്ങ് ആന്റ് ജിയോളജി അധികൃതരില്‍ നിന്നും അനുമതിപത്രം വാങ്ങി മണ്ണ് മാഫിയാസംഘം പടിഞ്ഞാറെ കല്ലടയില്‍ മണ്ണെടുത്ത് കടത്തുന്നു. നൂറ് കണക്കിന് ലോഡ് കരമണ്ണാണ് മൂന്ന് ദിവസമായി ഇവിടെ നിന്നും പുറത്തേക്ക് കൊണ്ടു പോകുന്നത്.
പടിഞ്ഞാറെ കല്ലട കോതപുരം തലയിണക്കാവ് ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള ഒരു ഉയര്‍ന്ന പ്രദേശമാണ് മണ്ണ് മാഫിയ സംഘങ്ങള്‍ കയ്യടക്കിയിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ആയിരത്തോളം ലോഡ് മണ്ണ് തുരന്നെടുത്ത് കടത്തിക്കഴിഞ്ഞു.
മണ്ണെടുത്ത് കടത്തുന്ന ഈ ഉയര്‍ന്ന പ്രദേശത്തെ കുന്നാക്കി ചിത്രീകരിച്ച് മഴ കനത്താല്‍ ഇവിടെ കുന്നിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് പരാതി നല്കി. തുടര്‍ന്ന് കുന്നിടിച്ച് മാറ്റാന്‍ മണ്ണെടുപ്പ് സംഘങ്ങള്‍ അതോറിറ്റിയില്‍ നിന്നും അനുമതി വാങ്ങി.
ഈ അനുമതി പ്രകാരം മണ്ണ് നീക്കം ചെയ്യാനുള്ള പാസ് ജിയോളജിസ്റ്റില്‍ നിന്നും തരപ്പെടുത്തി. തുടര്‍ന്നാണ് ഒരു പ്രദേശത്തിന്റെ പരിസ്ഥിതി ഘടനയെ തകിടം മറിക്കുന്നതരത്തില്‍ ഇടതടവില്ലാതെ മണ്ണെടുത്ത് വില്‍ക്കുന്നത്. നാനൂറ്റി അറുപത്തി അഞ്ച് ലോഡ് മണ്ണ് എടുത്ത് മാറ്റാനാണ് ജിയോളജിസ്റ്റ് അനുമതി നല്‍കിയിട്ടുള്ളതെന്നാണ് വിവരം. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ആയിരത്തിലധികം ലോഡ് മണ്ണ് പുറത്തേക്ക് പോയി കഴിഞ്ഞു.
കുന്നിന്റെ ചെറിയ ഒരു ഭാഗത്തെ മണ്ണ് മാത്രമാണ് എടുത്ത് മാറ്റിയിട്ടുള്ളത്. ഇനിയും ആയിരക്കണക്കിന് ലോഡ് മണ്ണ് വില്‍പ്പന നടത്താന്‍ പാകത്തിന് ഇരിപ്പുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം മണ്ണ് കൊണ്ടു പോകുന്നതു സംബന്ധിച്ച് ലോറിക്കാര്ക്കിടയിലുïായ തര്‍ക്കം സംഘര്‍ഷമായി. ഒരു സമയം അന്‍പതിലധികം ലോറികളാണ് മണ്ണിനായി ടേണ്‍ അനുസരിച്ച് നിരന്നു കിടക്കുന്നത്.
ഒരു ലോഡ് മണ്ണിന് ദൂരം അനുസരിച്ച് ഏഴായിരം മുതല്‍ പതിനായിരം രൂപ വരെയാണ് വില. കോടികള്‍ ലാഭം പ്രതീക്ഷിക്കുന്ന ഈ മണ്കടത്തിന് റവന്യു അധികൃതരുടെ ഒത്താശയുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ദുരന്തനിവാരണ അതോറിറ്റി, മൈനിങ്ങ് ആന്റ് ജിയോളജി തുടങ്ങി ഇതിന് അനുമതി നല്കാന് നടപടികള്‍ നീക്കിയ ഓഫീസുകളിലെല്ലാം മണ്ണ് മാഫിയ സംഘങ്ങളുടെ ഏജന്റുമാര്‍ ഉണ്ടെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: