ന്യൂദല്‍ഹി : ഇന്ത്യന്‍ ഭൂ പ്രദേശങ്ങള്‍ പുതിയ ഭൂപടത്തില്‍ ഉള്‍പ്പെടുത്തി വിവാദമായതിന് പിന്നാലെ അതിര്‍ത്തിയില്‍ സൈനിക ക്യാമ്പ് നിര്‍മിക്കാന്‍ നീക്കവുമായി നേപ്പാള്‍. കാലാപാനിക്ക് സമീപത്തായാണ് നേപ്പാള്‍ സൈന്യം ക്യാമ്പ് നിര്‍മിക്കാന്‍ നീക്കം നടത്തുന്നത്.
കാലാപാനി അതിര്‍ത്തി പ്രദേശത്ത് നേപ്പാള്‍ പട്ടാള മേധാവി പൂര്‍ണ ചന്ദ്ര ഥാപ്പ ബുധനാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. അതിനു പിന്നാലെ ഇവിടെ അതിര്‍ത്തിക്കടുത്ത് ഒരു സൈനിക ക്യാമ്പ് സ്ഥാപിക്കാന്‍ പോകുന്നതായി നേപ്പാള്‍ വിദേശകാര്യ വകുപ്പ് ഡെപ്യൂട്ടി മേധാവി മാധ്യമങ്ങളെ അറയിക്കുകയായിരുന്നു.
പ്രദേശത്തേയ്ക്ക് നേരിട്ട് റോഡില്ല. അതിനാല്‍ റോഡ് നിര്‍മിക്കാനുള്ള ചുമതല സൈന്യത്തിന് നല്കുന്നു. കലാപാനിക്കടുത്തുള്ള ചാങ്രുവില്‍ തങ്ങള്‍ സായുധ പോലീസ് സേനയുടെ അതിര്‍ത്തി പോസ്റ്റ് സ്ഥാപിച്ചെന്നുമാണ് നേപ്പാള്‍ സൈന്യം അറിയിച്ചത്.
ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാപ്പിന് അംഗീകാരം നല്കുന്ന ബില്ലിന് നേപ്പാള്‍ ഉപരിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നേടിയത്. ഇരു സഭകളിലും പാസായെങ്കിലും ബില്ലിന് പ്രസിഡന്റ് കൂടി അംഗീകരിക്കണം. എന്നാല്‍ മാത്രമേ ബില്‍ പാസാകൂ. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയാണ് നേപ്പാള്‍ പുതിയ മാപ്പ് പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ ഹു യാങ് കിയാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നും ആരോപണമുണ്ട്. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: