കോഴിക്കോട്: നമുക്ക് മുമ്പേ ജീവിച്ച മനുഷ്യര്‍ ജീവിതം കൊണ്ട് നേടിയ അറിവുകളാണ് പുസ്തകങ്ങളെന്നും ആ അറിവ് നേടുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ നടത്തിയ ഓണ്‍ലൈന്‍ വായനാവാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറിവിനോടൊപ്പം ആനന്ദവും നല്കാന് കഴിയുന്ന ഒരേയൊരു പ്രവൃത്തി വായനയാണിതെന്നും കുട്ടികള്‍ക്കായി തയ്യാറാക്കി നല്കിയ വീഡിയോ സന്ദേശത്തില്‍ എം.ടി. പറഞ്ഞു. വരും ദിവസങ്ങളില്‍ യു.എ. ഖാദര്‍, കെ.പി. രാമനുണ്ണി, ഖദീജ മുംതാസ്, വി.ആര്. സുധീഷ്, യു.കെ കുമാരന്, കല്‍പ്പറ്റ നാരായണന് എന്നിവരുടെ പ്രഭാഷണങ്ങള്‍ സംപ്രേഷണം ചെയ്യും.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ വായനാദിന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെ. മുരളീധരന് എംപി. നിര്‍വഹിച്ചു. പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഖാദര്‍ പാലാഴി അദ്ധ്യക്ഷനായി. ജില്ലാ ജഡ്ജ് കെ. സോമന് മുഖ്യാതിഥിയായി. സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.എം.എഫ് ആന്റോ എസ്ജെ, ഹെഡ്മാസ്റ്റര് പി.ടി. ജോണി എന്നിവരെ കെ. മുരളീധരന് ആദരിച്ചു. വായനാദിനത്തില്‍ പുസ്തക ശേഖരണത്തിന് സബര്‍മതി ഫൗണ്ടേഷന് തുടക്കം കുറിച്ചു. പുസ്തക ശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തായാട്ട് ബാലന് നിര്‍വഹിച്ചു. യു പി സ്കൂള്‍ വിദ്യാര്‍ത്ഥി പി.ടി. പ്രബോധില് നിന്ന് പുസ്തകങ്ങള്‍ സ്വീകരിച്ചാണ് ചടങ്ങ് നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: