തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ യത്തീംഖാനയില്‍ പോലീസ് അതിക്രമം കാട്ടിയെന്നും ആക്രമണത്തില്‍ ഒരു കൊച്ചുകുട്ടി മരിച്ചെന്നും വ്യാജചിത്രം അടക്കം സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരേ പോലീസ കേസ് രജിസ്റ്റര്‍ ചെയ്തു. ഗള്‍ഫില്‍ ജോലി മലപ്പുറം സ്വദേശിയായ സിപിഎം ആക്ടീവിസ്റ്റ് വി.ടി. അബ്ദു സലീം കൊടിഞ്ഞി എന്നയാൾക്കെതിരേയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. സജിത്ത് ഭദ്ര എന്ന വ്യക്തി ഇ-മെയ്ല്‍ വഴി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.
ജനുവരി നാലിനാണ് മുത്ത് നബിയാണ് എന്റെ ജീവിതം എന്ന ഗ്രൂപ്പില്‍ ഒരു കുട്ടി പടിക്കെട്ടില്‍ കിടക്കുന്ന ചിത്രം അബ്ദു സലീം പോസ്റ്റ് ചെയ്തത്. ‘യുപിയില്‍ യത്തീംഖാനയില്‍ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട പൊന്നു മോന്‍. അളളാഹു ശഹീദിന്റെ കൂലി നല്‍കി അനുഗ്രഹിക്കുമാറാവട്ടെ ആമീന്‍’ എന്ന കുറിപ്പോടെ ആയിരുന്നു പോസ്റ്റ്. പതിനായിരത്തിലേറെ പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, യുപിയില്‍ ഇത്തരത്തില്‍ ഒരു സംഭവവും നടന്നിരുന്നില്ല.
പോസ്റ്റില്‍ ഉള്‍പ്പെടുത്തിയ ചിത്രം വ്യാജമായി നിര്‍മിച്ചതായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജനുവരിയില്‍ തന്നെ തിരൂരങ്ങാടി പോലീസിന് ഇ-മെയ്ല്‍ വഴി പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തി. 2020 ജനുവരി അഞ്ചിന് പൊതുജനങ്ങള്‍ക്കിടയില്‍ ലഹളയും പ്രകോപനവും പരിഭ്രാന്തിയും സൃഷ്ടിച്ച് പൊതുജന സമാധാനത്തിന് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെ മതപരമായ അടിക്കുറിപ്പോടെ ഒരു ചെറിയ കുട്ടി കമഴ്ന്നു കിടക്കുന്ന ചിത്രം മനപൂര്‍വം വ്യാജമായി ഉണ്ടാക്കി സമൂഹമാധ്യമമായ ഫേസ്ബുക്ക് വഴി അബ്ദു സലീം പ്രചരിപ്പിച്ചു എന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. സിപിഎം ആക്ടീവിസ്റ്റായ ഇയാളുടെ ഫേസ്ബുക്കില്‍ പാര്‍ട്ടി അനുകൂല പോസ്റ്റുകളാണ് അധികവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: