കട്ടപ്പന/ തൊടുപുഴ: ജില്ലയില്‍ 2 പേര്‍ക്ക് കൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്നലെ ആര്‍ക്കും രോഗമുക്തിയില്ല. ഇതോടെ ആകെ ചികിത്സയിലുള്ള രോഗികള്‍ 37 ആയി. ജില്ലയിലാകെ ഇതുവരെ 71 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.
13ന് ന്യൂദല്‍ഹിയില്‍ നിന്നുമെത്തിയ നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശിനിയായ 17കാരനാണ് ആദ്യരോഗി. എറണാകുളത്ത് നിന്നും ടാക്സിയില്‍ നെടുങ്കണ്ടത്തെത്തി നിരീക്ഷണത്തിലായിരുന്നു. തമിഴ്നാട് (മധുര) പോയി വന്ന കട്ടപ്പന സ്വദേശിയായ 37കാരനാണ് രണ്ടാമത്തെ രോഗി. കട്ടപ്പനയിലെ പഴം-പച്ചക്കറി വാഹന ഡ്രൈവറാണ്. തുടര്‍ച്ചയായി തമിഴ്നാട് പോയി വന്നിരുന്ന ഇദ്ദേഹം അവസാനം പോയത് 13നാണ്.
പിന്നീട് ചുമയും പനിയും അനുഭവപ്പെട്ടതോടെ 17ന് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സ്രവ പരിശോധനക്ക് ശേഷം ഇയാളെ നെടുങ്കണ്ടത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇ യാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കട്ടപ്പന മാര്‍ക്കറ്റ് അടച്ചു. നഗരസഭയിലെയും ഇയാള്‍ക്ക് ബന്ധമുള്ള പഞ്ചായത്തിലേയും രണ്ട് വാര്‍ഡുകള്‍ ഇന്ന് ഹോട്ട്സ്പോട്ടാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
ഡ്രൈവര്‍മാര്‍ സംസ്ഥാനത്തിന് വെളിയില്‍ പോയാല്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും മറ്റുള്ളവരുമായി ഇടപെടരുതെന്നുമുള്ള പ്രൊട്ടോക്കോള്‍ ഇയാള്‍ പാലിച്ചില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
ഇയാളുമായി ബന്ധപ്പെട്ട് ഭാര്യ, മക്കള്‍, മാതാപിതാക്കള്‍, മാര്‍ക്കറ്റിലെ പഴവര്‍ഗ കടയുടമ, തൊഴിലാളികള്‍, കയറ്റിറക്ക് ജീവനക്കാര്‍, നിര്‍മ്മാണം നടക്കുന്ന സ്ഥലത്തെ മേഴ്സ്ത്തിരി ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ എന്നിവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു ഇന്നലെ മാത്രം 20 പേരെ പ്രൈമറി കോണ്ടാക്ട് മാത്രം കണ്ടെത്തി. ഇവരുമായി ബന്ധപ്പെട്ടവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും..
ലോറി ഡ്രൈവര്‍ താമസിക്കുന്നതും ഇപ്പോള്‍ വീട് പണിത് കൊണ്ടിരിക്കുന്നതുമായ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന കട്ടപ്പന നഗരസഭയിലെ എട്ട്, ഒന്‍പത്, പത്ത് വാര്‍ഡുകളുടെ കുറെ ഭാഗങള്‍ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിക്കുമെന്ന് ചെയര്മാന് ജോയി വെട്ടിക്കുഴി പറഞ്ഞു. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടികള്‍ സ്വീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ഇയാള്‍ ബന്ധപ്പെട്ട വ്യക്തികളുടെയും കടകളുടെയും വിവരങ്ങള്‍ ശേഖരിച്ചു രൂപപ്പെടുത്തിയ റൂട്ട് മാപ്പ് അനുസരിച്ചുള്ള ആളുകളെ ഇന്ന് മുതല്‍ നിരീക്ഷണത്തിലാക്കും. നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള ആളുകളെ പ്രത്യകം നിരീക്ഷിക്കും. ഇവരുടെ സ്രവങ്ങള്‍ ശേഖരിച്ചു പരിശോധനക്കയക്കും. ഇയാള്‍ മൂലം സമൂഹവ്യാപനമുണ്ടാകാനുള്ള സാധ്യതകളും പരിശോധിച്ച് വരികയാണ്.
ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചായിരുന്നു ഇയാള്‍ കറങ്ങി നടന്നത്. നിരീക്ഷണത്തില്‍ കഴിയണമെന്ന് പറഞ്ഞതും അവഗണിച്ചു. ഇയാള്‍ സാധനങ്ങള്‍ നല്കിയ കട ഉടമകള്‍ ജോലിക്കാര്‍, ഈ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ആളുകള്‍, വീട് പണി നടക്കുന്ന സ്ഥലത്ത് ഇയാള്‍ ബന്ധപ്പെട്ടവര്‍, തുടങ്ങിയവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.
ആകെ 39 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേര് ജില്ലയ്ക്ക് വെളിയിലും ചികിത്സയിലുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ നിരീക്ഷണത്തിലുള്ളത് 4227 പേരാണ്. 7624 പേരുടെ സ്രവ സാമ്പിള്‍ ഇതുവരെ അയച്ചപ്പോള്‍ ഇനി 336 പേരുടെ സാമ്പിളിന്റെ ഫലം കൂടി ലഭിക്കാനുണ്ട്.
കട്ടപ്പന മാര്‍ക്കറ്റ് അടച്ചത് താല്‍ക്കാലികമായാണെന്നും രോഗിയുടെ സമ്പര്‍ക്ക വിവരം ശേഖരിച്ച ശേഷം ശുചീകരണം നടത്തി മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കുമെന്നും അതേ സമയം ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അവശ്യ സാധനങ്ങളുടെ വില്‍പ്പന മാത്രമാകും അനുവദിക്കുക. വിശദമായ പരിശോധനക്ക് ശേഷമാകും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക.
വ്യാഴാഴ്ച ആറ് പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. അതേ സമയം രോഗം സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും പരിശോധനയില്‍ ഫലം വന്നെങ്കിലും പോസീറ്റീവായി തുടരുകയാണ്. ഇതില്‍ ഒരാള്‍ക്ക് പല തവണയായി പോസിറ്റീവ് തുടരുകയാണ്. ആറോളം പേരുടെ ഫലം ഇനിയും വരാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: