ഭക്തിപ്രസ്ഥാനത്തിന്റെ മഹാശംഖൊലി ഗുജറാത്തിന്റെ നവോത്ഥാന ദിനങ്ങളെ വര്ണാഭമാക്കിയ കഥ ചരിത്രമാണ്. പ്രശസ്തമായ അക്ഷയധാം മന്ദിരത്തിലെ ഭഗവാന് സ്വാമിനാരായണന്റെ കര്‍മസരണിയാണ് അപൂര്‍വമായ ആത്മീയ സംഭാവനയാലും അതീതമായ ജ്ഞാനവൃത്തിയാലും ശ്രദ്ധേയമായത്. 1781 ല്‍ വടക്കന്‍ ഗുജറാത്തിലെ ഛാപിയ ഗ്രാമത്തിലാണ് ദേവശര്‍മാ പാണ്ഡേയുടേയും ബാലാദേവിയുടെയും പുത്രനായി ഘനശ്യാം ഭൂജാതനായത്. ധര്‍മബോധവും അഹിംസാ ദര്‍ശനവും കുഞ്ഞുന്നാളില്‍ തന്നെ ശ്യാം സ്വായത്തമാക്കിയിരുന്നു. പുണ്യനഗരിയായ അയോധ്യയില്‍ കുടുംബസമേതം എത്തുന്നത് അഞ്ചാം വയസ്സിലാണ്. ഭക്തിയുടെ വിണ്‍വെളിച്ചം ഹൃദയത്തില്‍ കൊളുത്തിയ ശ്യാം ക്ഷേത്രദര്‍ശനത്തിലും സദ്സംഗ പരിപാടികളിലും താല്പര്യം കാണിച്ചു തുടങ്ങി. വേദശാസ്ത്രാദി പഠനങ്ങളും സംസ്കൃത പാണ്ഡിത്യവുമായി മുന്നേറി പിതാവിനെ അനുഗമിച്ച് കാശിയിലെത്തി. വിദ്വല്‍സഭകളില്‍ നിന്ന് മഹാജ്ഞാനം നേടി വാദപ്രതിവാദങ്ങളില്‍ പങ്കെടുത്തു വന്നു. രാമാനുജന്റെ വിശിഷ്ടാദൈ്വതത്തെക്കുറിച്ചുള്ള ഘനശ്യാമിന്റെ പ്രഭാഷണം പണ്ഡിത ലോകത്ത് പ്രശംസ പിടിച്ചു പറ്റുകയായിരുന്നു.
അയോധ്യ വിട്ട് ഹിമാലയത്തിലേക്കുള്ള തീര്‍ഥയാത്രയാണ് ഘനശ്യാമിനെ ആത്മാന്വേഷകനാക്കിയത്. പഠന മനനങ്ങളിലൂടെയും യോഗസിദ്ധി വൈഭവത്തിലൂടെയും സംന്യാസ മാര്‍ഗത്തിലെത്തുകയായിരുന്നു ഘനശ്യാം. ഗുജറാത്തില്‍ മടങ്ങിയെത്തിയ ശേഷം, ഏഴു വര്‍ഷം നിരന്തരമായി നടത്തിയ തീര്‍ഥയാത്ര ആത്മീയ ഭാരതത്തെ സാക്ഷാത്ക്കരിക്കുന്നതായി മാറി. ‘നീലകണ്ഠ’ എന്ന നവീന നാമധേയം നാട്ടുകാര്‍ ആദരവോടെ സമ്മാനിച്ചതാണ്. സൗരാഷ്ട്രയിലെത്തിയ നീലകണ്ഠ രാമാനനന്ദാശ്രാമത്തിലെ യതിവര്യനായ രാമാനന്ദ്ജിയുടെ ശിഷ്യനായി ‘സഹജാനന്ദ’ എന്ന സംന്യാസ നാമം സ്വീകരിക്കുകയായിരുന്നു. 1801 ല്‍ രാമാനന്ദ്ജി യുടെ സമാധിക്കു ശേഷം ആശ്രമവാസികള്‍ക്ക് ‘സ്വാമി നാരായണ മന്ത്രം’ ഉപദേശിച്ച ഗുരുവിനെ ‘സ്വാമി നാരായണന്’ എന്ന് ശിഷ്യര്‍ സംബോധന ചെയ്യാന്‍ തുടങ്ങി. ആശ്രമത്തിന്റെ ശ്രദ്ധ പൂര്‍ണമായും സാമൂഹ്യ സേവനത്തിലും പ്രായോഗികമായ ആത്മീയ കാര്യങ്ങളിലുമായിരുന്നു. നാട്ടിലുടനീളം കിണറുകളും ജലാശയങ്ങളും നിര്‍മിച്ച് നല്‍കിയും ജാതിമതഭേദമെന്യേ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തും സ്വാമി നാരായണന് സര്‍വസ്വീകാര്യനായി. സ്ത്രീകളുടെ ഉന്നമനവും വിദ്യാഭ്യാസവും ലക്ഷ്യമാക്കിയ പദ്ധതികള്‍ ശ്ലാഘനീയമായിരുന്നു. ജന്തുബലിക്കെതിരായ സ്വാമിജിയുടെ ആശയങ്ങള്‍ രാജാക്കന്മാര് സ്വീകരിച്ചു നടപ്പാക്കി. ഹോളി, ജന്മാഷ്ടമി, ദീപാവലി തുടങ്ങി സംസ്കൃതിയുടെ മഹോല്‍സവങ്ങള്‍ക്ക് സ്വാമിജി നവമാനം നല്കി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി, പുതിയൊരു സാമൂഹ്യ വ്യവസ്ഥിതിയാണ് സ്വാമിജിയുടെ സുഭാഷിതങ്ങള്‍ സ്വപ്നം കണ്ടത്. ഭക്തി പ്രസ്ഥാനത്തിന്റെ തിരുമുടിയില്‍
പീലിക്കണ്‍ വിടര്‍ത്തുകയായിരുന്നു സ്വാമി നാരായണ്‍. ബ്രഹ്മാനന്ദ സ്വാമി, നിഷ്ക്കളങ്കാനന്ദ, പ്രേമാനന്ദ, നിത്യാനന്ദ, ദേവാനന്ദ തുടങ്ങിയ സ്വാമിജിയുടെ മുഖ്യശിഷ്യന്മാര്‍ ഗുജറാത്തിയിലും വ്രജഭാഷയിലും രചിച്ച ആത്മീയഗാന കാവ്യങ്ങളും ഭജനാവലിയും ആനന്ദഗീതികളായാണ് സമൂഹം നെഞ്ചോട് ചേര്‍ത്തത്. ഭക്തചിന്താമണി, നിത്യചേഷ്ട, നിഷ്കളാനന്ദ കാവ്യ, എന്നിവ ഇതിലുള്‍പ്പെടുന്നു. 1817 ല്‍ അദാബാദിലും തുടര്‍ന്ന് ഭുജ്, വഡ്താള്‍, ഡൊലേറ, ജുനഗഡ്, ഗധാധ, എന്നിവിടങ്ങളിലും ആ വന്ദ്യ ഗുരു മഹാക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അക്ഷര്‍ധാമില്‍ 1830 ലാണ് ഭഗവാന് സ്വാമി നാരായണന് സമാധി പൂകുന്നത്.
മഹാത്മജി സബര്‍മതി ആശ്രമത്തിലെ സന്ധ്യാ പ്രാര്‍ഥനയില്‍ സ്വാമിജിയുടെ ശിഷ്യപ്രമുഖരുടെ സ്തുതി ഗീതങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗുരുവിന്റെ ‘ശിക്ഷാപത്രി’, ‘വചനാമൃത്’ എന്നീ സുഭാഷിത ഗ്രന്ഥങ്ങളിലെ മഹാശയങ്ങള്‍ മഹാത്മജിയും സര്‍ദാര്‍ പട്ടലേും സ്വജീവിതത്തില്‍ സ്വാംശീകരിച്ചിട്ടുണ്ട്. ഗുരുഭാരതത്തിന്റെ ഈ പീലിക്കണ്ണുകള്‍ അടയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: