ജി സെവനും ഇന്ത്യയും
മാധവന് ബി.നായര്‍ (പ്രസിഡന്റ്, ഫൊക്കാന)
കൊറോണാനന്തരം ലോക സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണ്ണായകമായ തിരിച്ചടി നേരിടുമെന്നും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അതിന്റെ ആഘാതങ്ങള്‍ ആഴത്തില്‍ അനുഭവിക്കുമെന്നും ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) പറയുന്നു. പക്ഷേ, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ പിടിച്ചുനില്‍ക്കുമെന്നും മുന്നേറുമെന്നുമാണ് സൂചിപ്പിക്കുന്നത്. മനുഷ്യകുലത്തിന്റെ സ്വപ്നങ്ങളെ തകര്‍ത്ത് കൊറോണ തേരോട്ടം തുടരുന്നത് ഭാവിയുടെ ചിത്രത്തെ മാറ്റിമറിക്കുമെങ്കിലും ഇന്ത്യ തരണം ചെയ്യുമെന്ന് തന്നെയാണ് സാമ്പത്തികപ്രവചനങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തി ലോകരാജ്യങ്ങളുടെ പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ അമേരിക്ക നടത്തുന്ന നീക്കത്തെ ഇന്ത്യയുടെ മുന്നില്‍ തുറക്കുന്ന വലിയൊരു സാധ്യതയായി കാണേണ്ടത്.
അമേരിക്കയ്ക്ക് പുറമേ ബ്രിട്ടന്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന് എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ജി-7 ല്‍ ഉള്ളത്. ലോക ശക്തികളായ ഈ പ്രധാന ഏഴുരാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് പകരം ഇന്ത്യ കൂടി അംഗമാകുന്ന ജി-11 രൂപീകരിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. ഇന്ത്യയ്ക്ക് പുറമേ റഷ്യ, ആസ്ട്രേലിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് ജി-11 രൂപീകരിക്കുക. നേരത്തെ ജി-8 കൂട്ടായ്മയില്‍ നിന്ന് റഷ്യ വിട്ടുപോയപ്പോഴാണ് ജി-7 ആയത്. അമേരിക്കയില്‍ നടക്കുവാന്‍ പോകുന്ന ഉച്ചകോടിയിലേക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ക്ഷണിച്ചിരിക്കുന്നതും അദ്ദേഹം ക്ഷണം സ്വീകരിച്ചിരിക്കുന്നതും. കോവിഡാനന്തരകാലത്ത് ഗ്രൂപ്പ് ഓഫ് സെവന്തില് ഇന്ത്യ ഭാഗമാകുന്നത് രാജ്യത്തിന് മുന്നില്‍ ഒട്ടേറെ വികസന സാധ്യതകള്‍ തുറന്നിടുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വാതന്ത്ര്യവും മനുഷ്യാവകാശവും ജനാധിപത്യവും നിയമവാഴ്ചയും സമൃദ്ധിയും സുസ്ഥിരവികസനവും പ്രധാനതത്വങ്ങളായി അംഗീകരിച്ചിട്ടുള്ള ഈ കൂട്ടായ്മയെ മൂല്യങ്ങളുടെ സമൂഹമായാണ് കണക്കാക്കുന്നത്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനമുള്ള കൂട്ടായ്മയാണ് ജി-7. ഇതില്‍ ഉള്‍പ്പെടുന്നതോടെ ഇന്ത്യയുടെ ശബ്ദം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും അന്തര്‍ദ്ദേശീയ സ്വാധീനം വര്‍ദ്ധിക്കുകയും രാജ്യം കൂടുതല്‍ ശക്തിമത്തുമാകും.
ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യമായ പരിഹാരങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ കൈമാറാനാണ് 1975 ല്‍ ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് ആദ്യം കൂട്ടായ്മ രൂപീകരിക്കുന്നത്. അടുത്ത വര്‍ഷം കാനഡയും ചേര്‍ന്നതോടെ കൂട്ടായ്മയില്‍ 7 രാഷ്ട്രങ്ങളായി. ജി-7 രാഷ്ട്രങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഭരണതലത്തിലെ ഉദ്യോഗസ്ഥരും വര്‍ഷം മുഴുവന്‍ യോഗം ചേര്‍ന്ന് പരസ്പര താല്പര്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം, ഊര്‍ജ്ജനയം, എച്ച്ഐവി, ആഗോള സുരക്ഷപോലുള്ള സമകാലിക വിഷയങ്ങളാണ് ഉച്ചകോടിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. ചര്‍ച്ചകളില്‍ എതിര്‍സ്വരങ്ങള്‍ ഉയരാറുണ്ടെങ്കിലും ഉത്തരങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളുമാണ് ഏറെയും ഉരുത്തിരിഞ്ഞിട്ടുള്ളത്. അത് പലപ്പോഴും ഭാവിയിലേക്കുള്ള രൂപരേഖയായി മാറുന്നത് ആശാവഹമാണ്. ഓരോ ഉച്ചകോടിയും വലിയൊരു കൂട്ടം പ്രകടനക്കാരെ ആകര്‍ഷിക്കുന്നതായും കാണാം. നിലപാടുകളെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഓരോ ഉച്ചകോടിയും ക്രിയാത്മകമായ തീരുമാനങ്ങളാണ് കൈക്കൊണ്ടുവരുന്നത്. അസമത്വത്തിനെതിരായ പോരാട്ടം ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ പ്രമേയം. എയ്ഡ്സ്, മലേറിയ, ക്ഷയരോഗം എന്നിവയ്ക്കെതിരെ പോരാടുന്നതിന് ആഗോളഫണ്ട് സ്വരൂപിക്കുന്നതിന് ആരംഭം കുറിക്കാന്‍ ജി-7 ഉച്ചകോടിയിലൂടെ കഴിഞ്ഞത് ആ രാഷ്ട്രങ്ങള്‍ക്ക് മാത്രമല്ല ഗുണകരമായത്. 2016 ലെ പാരീസ് കാലാവസ്ഥ കരാര്‍ നടപ്പിലാക്കുന്നതിന് പിന്നിലെ പ്രേരകശക്തിയും ജി-7 കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളാണ്.
ജി-7 ല്‍ അംഗങ്ങളല്ലാത്ത ചൈന, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ 2050 ഓടെ ജി-7 രാജ്യങ്ങളെ മറികടക്കുമെന്ന് ആഗോള സാമ്പത്തിക വിദഗ്ധര്‍ക്ക് അഭിപ്രായമുണ്ട്. ഇപ്പോള്‍ ആഗോള രാഷ്ട്രീയത്തിന്റെയോ സാമ്പത്തിക ശാസ്ത്രത്തിന്റെയോ നിലവിലെ അവസ്ഥയെ ജി-7 പ്രതിഫലിപ്പിക്കുന്നില്ലെന്ന വിമര്‍ശനമുണ്ട്. ട്രംപ് വിഭാവന ചെയ്യുന്ന പോലെ ജി-7 ജി-11 ആകുമ്പോള്‍ ഈ കുറവ് പരിഹരിക്കപ്പെടും. ചൈനയെ ഉള്‍പ്പെടുത്താന്‍ ജി-7 തയ്യാറാകാതിരിക്കുന്നത് ഇന്ത്യയുടെ ഏഷ്യയിലെ സ്വാധീനം ഒന്നുകൂടി ശക്തമാക്കുമെന്നും കരുതാം. ലഡാക്കില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യയുടെ വാദഗതികള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കാനും ജി-7 അംഗത്വം ഇട നല്‍കും.
ജി-7 ഉച്ചകോടിയില്‍ ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്തപ്പോള്‍ അദ്ദേഹം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുന്നതിലും ജലസംരക്ഷണത്തിലും ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ജൈവ വൈവിധ്യ നശീകരണം, കാലാവസ്ഥാ വ്യതിയാനം, സമുദ്രമലിനീകരണം എന്നിവ തടയാന്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചതും ആഗോള ശ്രദ്ധ നേടിയിരുന്നു.
ഇപ്പോള്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി ലോകരാഷ്ട്രങ്ങളുടെ പുതിയ കൂട്ടായ്മ രൂപീകരിക്കാനുള്ള അമേരിക്കന്‍ നീക്കം ഇന്ത്യയ്ക്കുള്ള ആഗോള അംഗീകാരമായി വിലയിരുത്തപ്പെടുന്നുണ്ട്. കോവിഡാനന്തര ലോകക്രമത്തില്‍ ഇന്ത്യയ്ക്ക് പ്രധാനസ്ഥാനമുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിപ്രായത്തെ അനുകൂലമാക്കിയുള്ള നയതന്ത്രജ്ഞതകളാണ് രാജ്യം കൈക്കൊള്ളുന്നത്. അത് രാജ്യത്തെ വ്യവസായ- തൊഴില്‍- പ്രവാസി സമൂഹങ്ങള്‍ക്കും ഗുണകരമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: