ന്യൂദല്‍ഹി: ആചാര്യ മഹാപ്രഗ്യായുടെ ജന്മശതാബ്ദിക്ക് പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മീയത, തത്വചിന്ത, മനഃശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ സംസ്കൃതം, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് ഭാഷകളില്‍ മുന്നൂറിലേറെ പുസ്തകങ്ങള്‍ എഴുതിയ വ്യക്തിയാണ് മഹാപ്രഗ്യാ.
മനുഷ്യരാശിയെയും സമൂഹത്തെയും സേവിക്കാനായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു മഹാപ്രഗ്യാ എന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാനായ ഋഷിവര്യനുമായി നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അദ്ദേഹവുമായി ഏറെ ഇടപഴകാന്‍ അവസരം ലഭിച്ചതു ഭാഗ്യമാണെന്നും ഗുരുമുഖത്തുനിന്നു ധാരാളം പാഠങ്ങള്‍ പഠിക്കാനായിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
”ആചാര്യ മഹാപ്രഗ്യായുടെ രചന, അവയുടെ ആഴം, അദ്ദേഹത്തിന്റെ അറിവ്, വാക്കുകള്‍ എന്നിവയോട് എനിക്ക് അഗാധ പ്രണയമായിരുന്നു” എന്നാണ് അടല്‍ ബിഹാരി വാജ്പേയി ആചാര്യ മഹാപ്രഗ്യായെ കുറിച്ച് പറഞ്ഞതെന്നും മോദി പറഞ്ഞു. ഡോ. എ.പി.ജെ അബ്ദുള്‍ കാലാമുമൊത്ത് ആചാര്യനെഴുതിയ പുസ്തകങ്ങള്‍ മുതല്‍ മഹാപ്രഗ്യാ ആത്മീയ കുടുബ ജീവിതത്തെ സംബന്ധിച്ചു നല്കിയ മഹത്തായ ആശയങ്ങളെ കുറിച്ചും പ്രധാനമന്ത്രി വ്യക്തമാക്കി.
”ഒരു കുടുംബത്തിന് എങ്ങനെ സന്തുഷ്ട കുടുംബമായി മാറാമെന്നും സന്തുഷ്ട കുടുംബത്തിന് എങ്ങനെ സമൃദ്ധമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നുമുള്ള ചിന്താഗതി സമ്മാനിക്കാന്‍ ഈ രണ്ടു മഹദ് വ്യക്തികള്‍ക്കും കഴിഞ്ഞിട്ടുണ്ട്” എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു ആത്മീയാചാര്യന് ശാസ്ത്രീയ സമീപനത്തെ എങ്ങനെ മനസിലാക്കുന്നുവെന്നും ഒരു ശാസ്ത്രജ്ഞന് ആത്മീയതയെ എങ്ങനെ വിശദീകരിക്കുന്നുവെന്നും ഈ രണ്ടു മഹാന്മാരില് നിന്നും തനിക്കു മനസിലാക്കാന്‍ കഴിഞ്ഞുവെന്നും ഇരുവരെയും പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
”നിങ്ങള്‍ ‘എന്നെയും എന്റേതും’ എന്ന ചിന്ത സ്വജീവിതത്തില്‍ നിന്നും ഉപേക്ഷിച്ചാല്‍ ഈ ലോകം മുഴുവന്‍ നിങ്ങളുടേതായിരിക്കും” എന്ന ആചാര്യന്റെ വാക്കുകള്‍ ഉദ്ധരിച്ച പ്രധാനമന്ത്രി ആചാര്യനുമായി തനിക്ക് നേരിട്ടുള്ള അനുഭവങ്ങളും പരിപാടിയില്‍ പങ്കുവച്ചു.
”ആരോഗ്യവാനായ വ്യക്തി, ആരോഗ്യമുള്ള സമൂഹം, ആരോഗ്യകരമായ സമ്പദ്വ്യവസ്ഥ” എന്ന ആചാര്യ മഹാപ്രഗ്യാജിയുടെ മന്ത്രവും പ്രധാനമന്ത്രി ഉദ്ധരിച്ചു. ഈ വാക്കുകള്‍ നമുക്ക് ഏറെ പ്രചോദനമേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദൃഢനിശ്ചയത്തോടെ ആത്മനിര്‍ഭര്‍ ഭാരതിലേയ്ക്കുള്ള യാത്രയില്‍ മഹാപ്രഗ്യാജിയുടെ ഈ മന്ത്രവുമായി ഇന്ന് രാജ്യം മുന്നേറുകയാണ്. നമ്മുടെ ഋഷിവര്യന്മാര് ചൂണ്ടിക്കാട്ടിയ, നമ്മുടെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മൂല്യങ്ങള്‍ മാതൃകാപരമാണെന്നും അതു നമ്മുടെ രാജ്യം തെളിയിക്കുകതന്നെ ചെയ്യുമെന്നാണു താന്‍ വിശ്വസിക്കുന്നതെന്നും ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: