തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗത്തിന്റെ സമൂഹവ്യാപന സാധ്യത സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തമാകുമ്പോള്‍ ആശങ്ക ശക്തമാക്കി ചില കണക്കുകള്‍ തമിഴ്നാട് പുറത്തുവിട്ടു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തുന്നവര്‍ക്ക് അവിടെ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. അത്തരത്തില്‍ മേയ് 19 മുതല്‍ മുപ്പതു ദിവസം ചെന്നൈയില്‍ എത്തിയ മലയാളികളില്‍ 47 പേര്‍ക്ക് കോവിഡ് രോഗമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കണക്കുകള്‍ പ്രകാരം റോഡ് മാര്‍ഗമോ ട്രെയ്ന്‍ മാര്‍ഗമോ വ്യാഴാഴ്ച ചെന്നൈയില്‍ എത്തിയ മലയാളികളില്‍ മൂന്നു പേര് കോവിഡ് പോസിറ്റീവ് ആയിരുന്നു. ബുധനാഴ്ച എത്തിയവരില്‍ അഞ്ചു പേര്‍ക്ക് രോഗം കണ്ടെത്തി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എത്തിയവരില്‍ മൂന്നു പേര്‍ക്കു വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്. മേയ് 19നാണ് കേരളത്തില്‍ നിന്ന് ചെന്നൈയില്‍ എത്തിയ വ്യക്തിക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തമിഴ്നാടിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇതരസംസ്ഥാനത്തു നിന്ന് എത്തുന്ന എല്ലാവര്ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. ഫലം വരുംവരെ സര്‍ക്കാര്‍ ക്വാറന്റൈനില്‍ തുടരണം.പോസിറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റും.
നെഗറ്റീവ് ആണെങ്കില്‍ വീടുകളില്‍ 14 ദിവസം കൂടി ക്വാറന്റൈനില്‍ തുടരണം. അടുത്തിടെ കേരളത്തില്‍ നിന്നു കാറില്‍ ചെന്നൈയില്‍ ഭര്‍ത്താവിന്റെ അടുത്തെത്തിയ യുവതി ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധനയ്ക്കു വിധേയയാകുകയും അവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒരു രോഗലക്ഷണങ്ങളും ഇവര്‍ക്കുണ്ടായിരുന്നില്ല. ഇവര്‍ക്കു രോഗം സ്ഥിരീകരിച്ചത് കുടുംബാഗങ്ങളില്‍ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അധികമായി വീടിനു പുറത്തുപോലും ഇറങ്ങാത്ത യുവതിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ പരിശോധനകളുടെ കുറവാണ് ഇത്തരത്തില്‍ രോഗം കണ്ടെത്താന്‍ സാധിക്കാതെ വരുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നു. വായുവിലൂടെ പകരുന്ന ഈ രോഗം സമൂഹത്തില്‍ നന്നായി പടരാന്‍ ഇടയുള്ളതാണ്. ഇത്തരത്തിലൊരു രോഗം കണ്ടെത്തണമെങ്കില്‍ രോഗലക്ഷണം ഇല്ലാത്തവരിലും പരിശോധന കര്ശമാക്കിയേ പറ്റൂ. കേരളത്തില്‍ ജനസാന്ദ്രത കൂടുതല്‍ ആയതിനാല്‍ സമൂഹവ്യാപന സാധ്യതയും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: