ആറ്റിങ്ങല്‍: ഒറ്റയ്ക്ക് ആണെങ്കിലും ഭയപ്പെടേണ്ട, ഒരു ക്ലിക്ക് അകലത്തില്‍ സേവനം ലഭ്യമാകും. ആറ്റിങ്ങല്‍ പോലീസ് ആണ് ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിയിലൂടെ നൊടിയിടയില്‍ സേവനം ലഭ്യമാക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനും സംരക്ഷണം നല്കുവാനും ആണ് പദ്ധതി കൊണ്ട് ലക്ഷ്യം ഇടുന്നത്.
നാട്ടുകാരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ കണ്ടെത്തി അവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തും. അവര്‍ക്ക് നല്കുന്ന റിമോട്ടില്‍ അമര്‍ത്തിയാല്‍ അടുത്ത വീടുകളില്‍ ബെല്‍ കേള്‍ക്കും. സംശയാസ്പദമായ ശബ്ദമോ ആള്വരവോ എന്തെങ്കിലും ഉണ്ടായാല്‍ ഇങ്ങനെ ചെയ്താല്‍ മതി. അയല്‍ക്കാര്‍ അറിയുകയും തിരക്കുകയും ആവശ്യം എങ്കില്‍ പോലീസില്‍ അറിയിക്കുകയും ചെയ്യും. ഇത് പോലീസ് ഇടപെടലിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഹായിക്കും.
വലിയകുന്ന് നവഭാരത് റസിഡന്റ്സ് അസോസിയേഷന് പരിധിയിലെ ലൈലാ നിവാസില്‍ അസുമ ബീവിയുടെ വീട്ടില്‍ ബെല്‍ സ്ഥാപിച്ചു ഡിവൈഎസ്പി എസ്.വൈ. സുരേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. സിഐ വി.വി. ദിപിന്, കൗണ്‍സിലര്‍ ശോഭന, ജനമൈത്രി ബീറ്റ് ഓഫീസര്‍ ശ്രീജന് ജെ. പ്രകാശ്, പി. ബിനു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: