ആറ്റിങ്ങല്‍: അനധികൃതമായി കെട്ടിടനമ്പര്‍ നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ ആറ്റിങ്ങല്‍ നഗരസഭാ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു. കിഴക്കേ നാലുമുക്കില്‍ പുതുതായി പണികഴിപ്പിച്ച അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ ഉടമസ്ഥതയിലുള്ള ഷാരോണ്‍ ടവര്‍ എന്ന കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതിന് നഗരസഭാ കോടതി വിധി വളച്ചൊടിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപോയത്.
നേരത്തേ ഈ കെട്ടിടത്തിന്റെ മുന്‍വശം നാഷണല്‍ ഹൈവേയില്‍ രണ്ടു മീറ്റര്‍ പുറത്തേക്ക് തള്ളി നില്ക്കുന്നതായി നഗരസഭ കണ്ടെത്തിയതിനെ തുടര്‍ന്ന് കെട്ടിടത്തിന് നമ്പര്‍ നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് കെട്ടിട ഉടമ ട്രൈബ്യൂണല്‍ കോടതിയില്‍ കേസ് നല്‍കുകയും ആ കേസ്സില്‍ ഇപ്പോള്‍ താല്‍ക്കാലിക കെട്ടിടനമ്പര്‍ നല്കുവാന് വിധി ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ നഗരസഭാ യോഗത്തില്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകണ്ട എന്ന് തീരുമാനിച്ചു. ഇതിനെതിരെയാണ് ബിജെപി അംഗങ്ങള്‍ ആറ്റിങ്ങല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്.
താല്‍ക്കാലിക നമ്പര്‍ നല്കി പിന്നീട് അത് സ്ഥിരപ്പെടുത്താനുള്ള നഗരസഭയുടെ ഗൂഢതന്ത്രമാണ് ഇതിന് പിന്നിലുള്ളതെന്നും ഇതില്‍ പ്രതിഷേധിച്ച് ബിജെപി നാളെ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്നും ആറ്റിങ്ങല്‍ സന്തോഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: