വെള്ളറട: തമിഴ്നാട്ടില്‍ നിന്ന് പാസില്ലാതെ സംസ്ഥാനത്തിനുള്ളിലേക്ക് കടന്ന ആറ് ഉത്തര്‍പ്രദേശ് സ്വദേശികളെ വെള്ളറട പോലീസ് പിടികൂടി. ഇവരെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നാഗര്‍കോവിലിലെ സ്വകാര്യ കമ്പനിയിലെ തൊഴിലാളികളാണ് യുവാക്കളായ ആറു പേരും.
ഇവര്‍ നാട്ടിലേക്ക്മടങ്ങാനായി പാസെടുക്കാതെ ഓട്ടോറിക്ഷയില്‍ കയറി തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിര്‍ത്തിയിലെ ഇടറോഡിലൂടെ സഞ്ചരിച്ച് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ തോലടിയില്‍ ഉച്ചയോടെ എത്തി. ഓട്ടോറിക്ഷ അവിടെ നിര്‍ത്തിയശേഷം റെയില്‍വെ സ്റ്റേഷന് കുറച്ചപ്പുറത്താണെന്ന് പറഞ്ഞ് കബളിപ്പിച്ച് വാടകയും വാങ്ങി ഓട്ടോറിക്ഷ ഡ്രൈവര്‍ കടന്നു. തുടര്‍ന്ന് നാട്ടുകാര്‍ വെള്ളറട പോലീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും വിവരമറിയിച്ചു.
വെള്ളറട എസ്ഐ സതീഷ്ശേഖര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുണ്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെത്തി പരിശോധിച്ചെങ്കിലും ആര്‍ക്കും പാസില്ലായിരുന്നു. തുടര്‍ന്ന് ആറുപേരെയും തിരുവനന്തപുരത്തെ റെയില്‍വെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: