കൊട്ടാരക്കര: തിരക്കിട്ട അദ്ധ്യാപനജീവിതം പിന്നിട്ടു. നിന്ന് തിരിയാന്‍ സമയമില്ലാത്തവണ്ണം രാഷ്ട്രീയവും പൊതുകാര്യങ്ങളും. അതിനിടയിലും കലയ്ക്ക് അവധി നല്‍കുന്നില്ല രാജേശ്വരിടീച്ചര്. ലോക്ക്ഡൗണ്‍ കാലം കലയ്ക്ക് വേണ്ടി മാറ്റുകയായിരുന്നു ബിജെപി ജില്ലാ വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമൊക്കെയായ രാജേശ്വരി രാജേന്ദ്രന്.
വെളിയം ടിവിടിഎം എച്ച്എസിലെ മുന്‍ മലയാളം അധ്യാപികയായ രാജേശ്വരി രാജേന്ദ്രന് കഥാപ്രസംഗവും മോണോ ആക്ടും കവിതയുമൊക്കെ നേരത്തെ പാകമാണ്. എന്നാല്‍ പെയിന്റിങും വരയുമൊക്കെ ലോക്ക് ഡൗണ്‍ കാലത്തിന്റെ സംഭാവനയാണ്. സഹോദരന്റെ മകന്റെ പ്രേരണയില്‍ ഒരു കുപ്പിയില്‍ ചെറുതായി കുറച്ച് അക്രിലിക് പെയിന്റ് വാങ്ങി ഡിസൈന്‍ ചെയ്ത് തുടങ്ങിയതാണ്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനം കൂടിയായപ്പോള്‍ പാഴ്വസ്തുക്കളും കുപ്പികളും രാജേശ്വരി ടീച്ചറിന്റെ കരവിരുതില്‍ അലങ്കാരവസ്തുക്കളായി വീട്ടില്‍ ഇടം പിടിച്ചു തുടങ്ങി.
പ്രഭാതസവാരിക്കിടെ കുപ്പികളും മറ്റും ശേഖരിച്ച് അലങ്കാര നിര്‍മിതി തുടര്‍ന്നു. ഇന്നിപ്പോള്‍ തൊണ്ണൂറിലധികം ഡിസൈനുകള്‍ ഒരുക്കി കഴിഞ്ഞു. കുപ്പിയും നൂലും പേപ്പറും ചണവും അരിയും മത്തനുള്പ്പടെയുള്ള പച്ചക്കറി വിത്തും മുട്ടത്തോടും മഞ്ചാടിക്കുരുവും സേഫ്റ്റിപിന്നും ബട്ടണും സ്ക്രൂവും കുപ്പിയും താക്കോലും പഴയ ഫ്ളാസ്കുമൊക്കെ പുതിയ ഡിസൈനുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
അലങ്കാര നിര്മ്മാണത്തിനിരുന്നാല് ടീച്ചര്‍ക്കൊപ്പം കൊച്ചുമക്കളായ ലക്ഷ്മിയും നിരഞ്ജനും ചേരും സഹായികളായി. ലോക്ക് ഡൗണിലെ ഈ തിരിച്ചറിവ് ചിത്രകലയിലേക്കും പെയിന്റിങ്ങിലേക്കും തുടരാനാണ് ടീച്ചറിന്റ ആഗ്രഹം. ഗുരുശ്രേഷ്ഠ, ഗുരുവന്ദനം തുടങ്ങി മികച്ച അധ്യാപികയ്ക്കുള്ള നിരവധി പുരസ്കാരങ്ങള്‍ 28 വര്‍ഷത്തെ അധ്യാപന ജീവിതത്തിനിടയില്‍ രാജേശ്വരിയെ തേടിയെത്തിയിട്ടുണ്ട്. ഇടവേളകള്‍ പൂന്തോട്ട പരിപാലനത്തിലും ജൈവ കൃഷിയിലും വ്യാപൃതയാണ് രാജേശ്വരി രാജേന്ദ്രന്.
രമേശ് അവണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: