തിരുവനന്തപുരം: ‘ബഷീറിന്റെ ‘മാന്ത്രികപ്പൂച്ച’ വലിയ ചിന്തയിലാണ്. ഷെൽഫിലിരുന്ന് ‘പാത്തുമ്മയുടെ ആട്’ കളിയാക്കി ചിരിക്കുന്നുണ്ട്. തലസ്ഥാനത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലേക്ക് തിരികെ എത്തിയിട്ട് നാല് ദിവസം ആയി. തന്നെ കൊണ്ടുവന്ന ആള് ഈ ബാസ്‌കറ്റിലേക്കിട്ടതാണ്. ഇനി മൂന്നുദിവസം കൂടി ഈ ബാസ്‌കറ്റിലിരിക്കണം. അത് കഴിഞ്ഞുവേണം ഷെൽഫിലെ ‘പാത്തുമ്മയുടെ ആടിന്റെ’ അടുത്തേക്ക് പോകാൻ. എന്നിട്ട് ഇപ്പോ കളിയാക്കുന്നതിന് പകരമായി ലോക്ഡൗൺ സമയത്തെ പുറത്തെ വിശേഷങ്ങളും വീട്ടിലുള്ളവർ ആവർത്തിച്ച് വായിച്ചതും കുട്ടികൾ പുസ്തകതാളുകളിലൂടെ വിരലോടിച്ചതുമെല്ലാം പറഞ്ഞുകൊതിപ്പിക്കണം…’ ഇത് മാന്ത്രിക പൂച്ചയുടെ മാത്രം അവസ്ഥയല്ല, സെൻട്രൽ ലൈബ്രറിയിലേക്ക് തിരികെ എത്തിയ തകഴിയുടെ ‘ഏണിപ്പടികളും’ ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസവും’ തുടങ്ങി ലോകസാഹിത്യ രചനകളും വിവിധ രാജ്യങ്ങളിലെ ഭരണഘടനകളും ഉൾപ്പെടെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക ബാസ്‌കറ്റുകളിൽ ഏഴ് ദിവസത്തെ നിരീക്ഷണത്തിലാണ്.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗണിൽ സെൻട്രൽ ലൈബ്രറിയും അടച്ചു. നിയന്ത്രണത്തിൽ ഇളവ് വന്നതോടെ പുസ്തകങ്ങളും തിരികെ എത്തിച്ചു തുടങ്ങി. യൂറോപ്യൻ രാജ്യങ്ങളിലടക്കം വായനശാലകളിലൂടെ രോഗം പടർന്നു എന്ന് വാർത്തകൾ വന്നതോടെ പ്രത്യേക സുരക്ഷ ഒരുക്കിയാണ് പുസ്തകങ്ങൾ തിരികെ വാങ്ങുന്നത്. വരിക്കാരൻ തന്നെ പുസ്തകങ്ങൾ സ്‌കാനറിൽ വയ്‌ക്കണം. ബുക്കിലെ ബാർകോഡ് വഴി രജിസ്റ്ററിൽ തിരികെ ലഭിച്ചതായി രേഖപ്പെടുത്തും. അതിനുശേഷം വരിക്കാരൻ തന്നെ പുസ്തകങ്ങൾ പ്രത്യേകം സജ്ജീകരിച്ച ബാസ്‌കറ്റിലേക്ക് ഇടണം. പുസ്തകങ്ങളിൽ അഞ്ച് ദിവസം വരെ വൈറസ് നിലനിൽക്കും. അതിനാൽ ഏഴ് ദിവസം കഴിഞ്ഞ് ശുചീകരിച്ച ശേഷമേ അവ ഷെൽഫിലേക്ക് മാറ്റുകയുള്ളൂ. അഞ്ച് ലക്ഷത്തോളം പുസ്തകങ്ങളും അരലക്ഷത്തോളം വായനക്കാരുമാണ് ലൈബ്രറിയുടെ സമ്പത്ത്. ഗവേഷണങ്ങൾക്കായി പുസ്തകങ്ങൾ തേടി എത്തുന്നവരും മാസികകളും ജേണലുകളും വായിക്കാനെത്തുന്ന അക്ഷര സ്‌നേഹികളും ഉൾപ്പെടെ ഒരുലക്ഷത്തോളം പേർ വേറെയും. ലോക്ഡൗൺ വന്നതോടെ പുസ്തകങ്ങളും ഷെൽഫിനുള്ളിലായി. പുസ്തകം പുറത്തേക്ക് കൊടുക്കുന്നത് നിർത്തി. വായിച്ച പുസ്തകങ്ങൾ തിരികെ വാങ്ങുക മാത്രമായി പ്രവർത്തനം. തിരികെ എത്തുന്ന പുസ്തകങ്ങൾ വഴി വൈറസ് സമൂഹവ്യാപനത്തിലേക്ക് കടക്കാതിരിക്കാനാണ് അവയ്‌ക്കും ക്വാറന്റൈൻ നിർദേശിച്ചത്.
ലോക്ഡൗൺ കാലമായതിനാൽ അംഗങ്ങളുടെ കൈകളിലായ പുസ്തകങ്ങൾക്ക് പ്രിയമേറി. പലരും വൈകിയാണ് പൂസ്തകങ്ങൾ തിരികെ ഏൽപ്പിക്കാനെത്തിയത്. ലോക്ഡൗണിൽ കുടുങ്ങാതിരിക്കാൻ നിരവധി പേർ പുസ്തകങ്ങളിലേക്ക് മടങ്ങി. പണ്ടത്തെപ്പോലെ ഒരു പുസ്തകം വീടിനുള്ളിൽതന്നെ നിരവധി പേർ വായിച്ചു. ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി പുസ്തകം വായിച്ചവരും നിരവധിയാണ്. സംസ്ഥാനത്തെ വായനാദിനാചരണം ഇന്ന് കാൽ നൂറ്റാണ്ടിലേക്ക് കടക്കും. ഈ 25 വർഷത്തിനുള്ളിൽ ഇത്രയും നാൾ സെൻട്രൽ ലൈബ്രറിയിലെ ഷെൽഫുകൾ അടഞ്ഞ് കിടന്നതും ഇതാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: