ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്
ആഭിജാതമായ ഒരു മഹാ പാരമ്പര്യത്തിന്റെ തിളങ്ങുന്ന കണ്ണിയായിരുന്നു തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് മനോരമ തമ്പുരാട്ടി. സംസ്കൃതം, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മനോരമ തമ്പുരാട്ടിയുടെ ജീവിതം ആര്‍ഷ സംസ്കൃതിയുടെ സൗമ്യോദാരമായ ആശയാദര്‍ശങ്ങളുടെ പരിപോഷണത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. നീണ്ട മൂന്ന് പതിറ്റാണ്ട് ഭാഷാധ്യാപികയായി പ്രവൃത്തിച്ചതിലൂടെ നേടിയ ഭാഷാവബോധവും നിര്‍മ്മലമായ സൗഹൃദയത്വവും സൂക്ഷ്മമായ അപഗ്രഥന ശേഷിയും അവരെ ശ്രദ്ധേയയാക്കി.
ആദ്ധ്യാത്മിക സാഹിത്യത്തില്‍ ശോഭിച്ച ഇവര്‍ തിരുവാതിരകളിയുടെ ചിട്ടവട്ടങ്ങളെ കുറിച്ച് ആഴത്തിലുള്ള അറിവ് നേടിയിരുന്നു. കുട്ടികള്‍ക്കുള്ള ഒട്ടേറെ നാടകങ്ങള്‍ രചിച്ചു. തന്റെ ശിഷ്യ ഗണങ്ങളുടെ സര്‍ഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കാന്‍ നിരന്തരം പരിശ്രമിച്ച ഈ അദ്ധ്യാപിക അവസാന സമയം വരെയും അവരോടുള്ള ഹൃദയബന്ധം കാത്തുസൂക്ഷിച്ചു. അക്ഷര ശ്ലോകം, പുരാണ പാരായണം, കഥകളി, കൂത്ത്, കൂടിയാട്ടം എന്നിവയില്‍ മനോരമ തമ്പുരാട്ടി വിദൂഷിയായിരുന്നു.
ശബരിമല അയ്യപ്പസ്വാമിയുടെയും, ഗുരുവായൂരപ്പന്റെയും, തിരുവണ്ണൂര്‍ ശിവന്റെയും ഉത്തമ ഭക്തയായ ഈ മഹതി രചിച്ച രുദ്രാക്ഷം എന്ന ഗ്രന്ഥം ഭക്തിസാഹിത്യത്തിലെ വിലപ്പെട്ട നിധിയാണ്. അതിഥി സല്‍ക്കാരപ്രിയയും സംഭാഷണ ചതുരയും കുലീനയുമായ ഈ പണ്ഡിത ശ്രേഷ്ഠയുടെ ഓര്‍മ്മകള്‍ പോലും അറിവിന്റെയും ഭക്തിയുടെയും ഹരിചന്ദനപരിപാവന ഗന്ധമാണുള്ളത്. ആ ധന്യ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: