ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുത്ത ചൈനക്കെതിരേ അതിശക്ത നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ചൈനയുമായുള്ള സാമ്പത്തിക സഹകരണത്തിന് കടിഞ്ഞാണ്‍ ഇടാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തികമായ ഒരു ഇടപാടുകളും ഇനി ചൈനയുമായി തത്കാലം ഉണ്ടാകില്ല. മാത്രമല്ല, രാജ്യത്ത് പ്രാവര്‍ത്തികമാക്കുന്ന പദ്ധതികളിലെ കരാറുകളില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കും. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ കുത്തനെ ഉയര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
നേരത്തേ, ചൈനീസ് ഭക്ഷണങ്ങള്‍ വിളമ്പുന്ന ഹോട്ടലുകളെ വിലക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഒപ്പം, 4ജി നടപ്പാക്കാന്‍ ചൈനീസ് കമ്പനികളെ ആശ്രയിക്കരുതെന്നും ബിഎസ്എന്‍എല്ലിന് ടെലികോം വകുപ്പും നിര്‍ദേശം നല്കി.
ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിരുന്നു. കാണ്‍പൂര്‍-ദീന് ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിങും ടെലികോം കരാറുമാണ് റെയില്‍വേ അവസാനിപ്പിച്ചത്. ബീജീങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ഗ്രൂപ്പുമായിട്ടായിരുന്നു റെയില്‍വേ കരാര്‍ ഉണ്ടാക്കിയിരുന്നത്. എന്നാല്‍, ഇന്നു രാവിലെ ഈ കരാര്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കുകയായിരുന്നു.
2016ലാണ് ചൈന കമ്പനിയുമായി റെയില്‍വേ കരാര്‍ ഒപ്പിട്ടത്. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതിയുടെ നിര്‍മാണങ്ങള്‍ നടത്തിയിരുന്നത്. ഭാരതത്തില്‍ ചൈനീസ് കമ്പനികളെ ബഹിഷ്കരണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്ന് വന്നിരുന്നതിനിടെയാണ് റെയില്‍വേയുടെ ഈ തീരുമാനം.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ചൈനീസ് നിര്‍മിത ടെലിവിഷനുകളും മൊബൈല്‍ ഫോണുകളും ജനങ്ങള്‍ കൂട്ടത്തോടെ നശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മുന്‍പ് റിമൂവ് ചൈനീസ് ആപ്പ് എന്ന ആപ്പിനു ഇന്ത്യയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ അമ്പതു ലക്ഷത്തിലേറെ പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: