തിരുവനന്തപുരം: ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കഴക്കൂട്ടം-അടൂര്‍ സുരക്ഷാവീഥി പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്നു ജില്ലകളിലൂടെ കടന്നുപോകുന്ന റോഡിന് 78.65 കി.മീറ്റര്‍ നീളമുണ്ട്. മൊത്തം ചെലവ് 146.67 കോടി രൂപ.
അന്തര്‍ദേശീയ നിലവാരമുള്ള മാതൃകാ സുരക്ഷാ റോഡാണിത്. 33 ജംഗ്ഷനുകളുടെ നവീകരണം, സ്‌കൂള്‍ മേഖലയില്‍ ഗേറ്റ് വെ ട്രീറ്റ്‌മെന്റ്, സോളാര്‍ ലൈറ്റിംഗ്, ആധുനിക റോഡ് മാര്‍ക്കിങ്, സൈന്‍ ബോര്‍ഡുകള്‍, ക്രാഷ് ബാരിയറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സുരക്ഷാ വീഥി, റോഡപകടങ്ങളിലെ മരണ നിരക്ക് കുറയ്‌ക്കുന്നതിന് 28.2 കോടി രൂപ ചെലവില്‍ പോസ്റ്റ് ക്രാഷ് ട്രോമ കെയര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിച്ചുവരുന്നു.
മാതൃകാ സുരക്ഷാ ഇടനാഴിയോടനുബന്ധിച്ചുള്ള പ്രദേശങ്ങളിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, വാമനപുരത്തെയും കന്യാകുളങ്ങരയിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ സൗകര്യങ്ങളാണ് വര്‍ധിപ്പിക്കുന്നത്. 28.2 കോടി രൂപയാണ് ഇതിന് വരുന്ന ചെലവ്. ഏനാത്ത് പാലത്തിന്റെ ബലപ്പെടുത്തലും ഈ പ്രവൃത്തിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ റോഡ് പരിപാലനം ഈ പദ്ധതിയുടെ കരാറിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: