ഇന്ത്യയോടോ ചൈനയോടോ കൂറ് എന്ന ഘട്ടത്തിലെല്ലാം ചൈനയ്ക്കൊപ്പം നിന്ന കമ്യൂണിസ്റ്റുകളാണ് നെഹ്റുവിന്റെ കാലത്തും രാഹുലിന്റെ കാലത്തും കോണ്‍ഗ്രസിനെ നയിക്കുന്നതെന്ന് വ്യക്തം. കമ്യൂണിസ്റ്റ് നേതാക്കള്‍ പറയുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവിക്കുന്നതും ഒരേ വാക്യങ്ങള്‍. രണ്ടും ഇന്ത്യാവിരുദ്ധ പക്ഷത്തു നിന്ന് എന്നതില്‍ മാറ്റമില്ല.
സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിദഗ്ദ്ധനുമായ പ്രകാശ് കാരാട്ട,് കഴിഞ്ഞ മാസം ആദ്യം പ്രസിദ്ധീകരിച്ച (2020 മെയ് മൂന്ന്), പീപ്പിള്‍സ് ഡെയ്ലി എന്ന പാര്‍ട്ടി ഇംഗ്ലീഷ് വാരികയില്‍ ചൈനാ പക്ഷം തുറന്നു പറയുന്നു. അതില്‍ കൊറോണാ വൈറസ് പടര്‍ത്തിയ ചൈനയെ ലോകം മുഴുവന്‍ വിസ്തരിക്കുമ്പോള്‍ ഇന്ത്യക്കാരും അതില്‍ അണിചേരുന്നുവെന്നാണ് ആക്ഷേപം.
കാരാട്ട് പറയുന്നു: ‘… ബ്രസീല്‍ പ്രസിഡന്റിനെ പോലെ ചൈനയ്ക്കെതിരേ മോദി സര്‍ക്കാര്‍ പറയുന്നില്ലെങ്കിലും, വലതുപക്ഷ ഹിന്ദുത്വ ശക്തികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ”ചൈനാ വിരുദ്ധ അസംബന്ധങ്ങള്‍” പ്രചരിപ്പിക്കുന്നു,’ എന്നാണ് കാരാട്ടിന്റെ സങ്കടം. ചൈനയ്ക്കെതിരേ പറയാന്‍ പാടില്ലെന്നാണ് ഈ പരോക്ഷ വിമര്‍ശനം.
അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി പോംപിയോ മാധ്യമ പ്രവര്‍ത്തകരോട്, ”ഞങ്ങള്‍ (ഇന്ത്യയും യുഎസും) സ്വതന്ത്രവും തുറന്നതുമായ ഇന്‍ഡോ-പസഫിക്, ചൈനയുടെ ഭീഷണി, വാണിജ്യം തുടങ്ങിയ വലിയ വിഷയങ്ങളില്‍ ചര്‍ച്ച തുടരും” എന്നു പറഞ്ഞതും സിപിഎം നേതാവ് കാരാട്ടിന് സഹിച്ചിട്ടില്ല. ചൈനയുടെ വെല്ലുവിളിയെക്കുറിച്ച് യുഎസ്-ഇന്ത്യ ചര്‍ച്ച പാടില്ലെന്നാണ് പക്ഷം. ‘ചൈനയില്‍ നിക്ഷേപിക്കുന്ന കമ്പനികളെ ഇന്ത്യന്‍ മന്ത്രിമാര്‍ ഇവിടേക്ക് ക്ഷണിക്കുന്നു’വെന്നും കാരാട്ട് സങ്കടം പറയുന്നു.
”നമ്മള് നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന സ്ഥലം” എന്ന് ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തെ വ്യാഖ്യാനിച്ച സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടും, ചൈന ലഡാക്ക് കൊണ്ടുപോകുന്നെങ്കില്‍ പോട്ടെ, അവിടെ ‘പുല്ലും മുളയ്ക്കില്ലെ’ന്നുപറഞ്ഞ പ്രധാനമന്ത്രി നെഹ്റുവും ഒരേ നയതന്ത്രക്കാരായിരുന്നു- രാജ്യം നശിച്ചാലും ചൈനയ്ക്ക് നോവരുതെന്ന പക്ഷക്കാര്‍. അതുതന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ്- കമ്യൂണിസ്റ്റ് നേതാക്കളുടെ കൂട്ടു ചിന്ത.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു, ‘അതിര്‍ത്തിയില്‍ സംഭവിച്ചത് എന്താണെന്ന് പ്രധാനമന്ത്രി മോദി വിശദീകരിക്കണ’മെന്ന്. ‘പ്രധാനമന്ത്രി മോദി മൗനം കളഞ്ഞ് അതിര്‍ത്തിയിലെന്തുണ്ടായി എന്നു പറയണ’മെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. രണ്ടും ഒരേ ആശയം. എകെജി ഭവനിലെ പ്രസ്താവന എഐസിസിയില്‍ നിന്ന് ശൈലി മാറ്റി പുറത്തുവിട്ടു. അതുതന്നെ സോണിയ ഗാന്ധിയും ആവര്‍ത്തിച്ചു. പക്ഷേ, ശിവസേനയും ചെറു പാര്‍ട്ടികളെന്നും ദേശീയതയൊന്നും വിഷയമല്ലാത്തവരെന്നും വിമര്‍ശിക്കപ്പെടാറുള്ള ബിഎസ്പി, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസും സര്‍ക്കാരിനൊപ്പമാണ് എന്നതും ശ്രദ്ധിക്കണം.
പാക്കിസ്ഥാനുമായി സമ്പര്‍ക്കത്തിനും ഇന്ത്യയെ ഒറ്റപ്പെടുത്താനും റോഡു നിര്‍മിക്കാനുമാണ് ചൈന ആദ്യം 1962 ല്‍ ഇന്ത്യയില്‍ ലഡാക്കിന്റെ ഒരു മൂല ആക്രമിച്ചതും കീഴടക്കിയതും. അവിടെയാണ് ‘പുല്ലും മുളയ്ക്കില്ലെ’ന്ന് നെഹ്റു കണ്ടുപിടിച്ചത്. ചൈനയുടെ പദ്ധതി സിക്കിമിന്റെ അടുത്ത് നാഥു ലാ ചുരത്തിലൂടെ കടന്ന് കമ്യൂണിസ്റ്റ് സ്വാധീനമുള്ള പശ്ചിമബംഗാള്‍ എത്തിയാല്‍ ഇന്ത്യയ്ക്ക് അസം, ത്രിപുര, മണിപ്പൂര്‍ സംസ്ഥാനങ്ങളുമായുള്ള ബന്ധം ഇല്ലാതാക്കാമെന്നും മറ്റുമുള്ള ഭൂപടം മാറ്റല്‍ പദ്ധതിയായിരുന്നു ചൈനയ്ക്ക്. അത് ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പിടിച്ചടക്കിയിട്ടും പിന്മാറേണ്ടി വന്നു. കാലാവസ്ഥയും ഭൂപ്രകൃതിയും എതിരായപ്പോള്‍ ഒഴിഞ്ഞു പോകേണ്ടിയും വന്നു. ചൈനയുടെയും കമ്യൂണിസ്റ്റുകളുടെയും അന്നത്തെ നിരാശയും ലഡാക്കിന്റെ മറ്റൊരു ഭാഗത്തെ പ്രതീക്ഷയും ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: